ഇന്ത്യന് ഓസ്ട്രേലിയ യുറേനിയം കരാര്; ഒപ്പിട്ട് പ്രധാനമന്ത്രി മോദി
New delhi, 09 ജൂലൈ (H.S.) ഇന്ത്യ ഓസ്‌ട്രേലിയ ആണവോര്‍ജ കരാര്‍ ഒപ്പിട്ടു. ആണവ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായകമാകുന്നതാണ് ഓസ്ട്രേലിയയുമായുള്ള വ്യാപാരകരാര്‍. ഇന്ത്യയുടെ ആണവ പദ്ധതിക്കായി ഓസ്ട്രേലിയ യുറേനിയം കൈമാറും. ഓസ്ട്രേലിയയില്‍ നിന്നുള്ള യ
pm modi


New delhi, 09 ജൂലൈ (H.S.)

ഇന്ത്യ ഓസ്‌ട്രേലിയ ആണവോര്‍ജ കരാര്‍ ഒപ്പിട്ടു. ആണവ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായകമാകുന്നതാണ് ഓസ്ട്രേലിയയുമായുള്ള വ്യാപാരകരാര്‍. ഇന്ത്യയുടെ ആണവ പദ്ധതിക്കായി ഓസ്ട്രേലിയ യുറേനിയം കൈമാറും. ഓസ്ട്രേലിയയില്‍ നിന്നുള്ള യുറേനിയം ഇന്ത്യയുടെ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കുമെന്ന് പ്രധാനമന്ത്രി മോദി മെല്‍ബണില്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ സാധാരണമായ ഒരു ഊര്‍ജ കരാര്‍ ആണെങ്കിലും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആണവോര്‍ജ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിക്ക് കൂടിയാണ് ഇത് അടിത്തറ നല്‍കുന്നത്.

2047-ഓടെ ആണവോര്‍ജ ഉത്പാദനം 100 ജിഗാവാട്ട് ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ആഭ്യന്തര സ്രോതസ്സുകള്‍ക്ക് പുറമെ വിദേശ ഇറക്കുമതി കൂടി ഇന്ത്യക്ക് ആവശ്യമാണ്. അതിനായാണ് ഓസ്ട്രേലിയയുടെ സഹകരണം ഇന്ത്യ തേടുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. പുതിയ കരാറിലൂടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും പരിസ്ഥിതി സൗഹൃദമായ ഊര്‍ജ്ജലക്ഷ്യങ്ങളും ശക്തിപ്പെടുത്താം. ഖനനരംഗത്തെ വെല്ലുവിളികളും വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പരിഗണിക്കുമ്പോള്‍ സോളാര്‍-കാറ്റ് ഊര്‍ജങ്ങളെപ്പോലെ തടസ്സമില്ലാതെ വൈദ്യുതി നല്‍കാന്‍ കഴിയുന്ന ആണവനിലയങ്ങളുടെ വിപുലീകരണം രാജ്യത്തിന് അനിവാര്യമാണ്. അതിന് വഴിതുറക്കുകയാണ് കരാര്‍. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമായിരിക്കും ഓസ്ട്രേലിയയില്‍ നിന്നുള്ള യുറേനിയം ഉപയോഗിക്കുന്നത്.

ലോകത്തിലെ മൊത്തം യുറേനിയം ശേഖരത്തിന്റെ ഏകദേശം 28 ശതമാനവും ഓസ്‌ട്രേലിയയുടെ കൈവശമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശേഖരമാണിത്. മുന്‍പ് ആണവ നിര്‍വ്യാപന കരാറില്‍ (NPT) ഒപ്പിട്ട രാജ്യങ്ങള്‍ക്ക് മാത്രമേ യുറേനിയം നല്‍കാവൂ എന്ന കര്‍ശന നിലപാട് ഓസ്‌ട്രേലിയക്ക് ഉണ്ടായിരുന്നു. ഇന്ത്യ ഈ കരാറില്‍ ഒപ്പിടാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ യുറേനിയം ലഭിക്കുന്നത് തടസ്സപ്പെട്ടു. എന്നാല്‍ 2008-ലെ ആണവ വിതരണ ഗ്രൂപ്പിന്റെ (NSG) ഇളവുകള്‍ക്കും ഇന്ത്യ-അമേരിക്ക സിവില്‍ ആണവ കരാറിനും ശേഷം ഈ സാഹചര്യത്തില്‍ മാറ്റം വരികയും ഇന്ത്യയ്ക്ക് യുറേനിയം നല്‍കാന്‍ ഓസ്‌ട്രേലിയ തയ്യാറാവുകയും ചെയ്തു.

2047-ഓടെ ആണവോര്‍ജ ഉത്പാദന ശേഷി നിലവിലുള്ള 8 GW-ല്‍ നിന്ന് 100 GW ആയി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ പുതിയ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗുണമേന്മയുള്ള യുറേനിയം വിതരണം അത്യാവശ്യമാണ്. പുതിയ കരാറിലൂടെ അത് സാധ്യമാവും. നിലവില്‍ കസാഖസ്താന്‍, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ യുറേനിയത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. രാഷ്ട്രീയമായി സുസ്ഥിരമായ ഒരു ജനാധിപത്യ രാജ്യമായ ഓസ്‌ട്രേലിയയെ കൂടി വിതരണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വഴി വിതരണത്തിലെ തടസ്സങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും.

ഇന്ത്യയിലും യുറേനിയം നിക്ഷേപങ്ങള്‍ ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും, ഓസ്‌ട്രേലിയയിലെ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവ വളരെ കുറവാണ്. കൂടാതെ, ഇന്ത്യയിലെ യുറേനിയം അയിരുകള്‍ ഗുണനിലവാരം കുറഞ്ഞതും ഖനനച്ചെലവ് കൂടുതലുള്ളതുമാണ്. അതുകൊണ്ടാണ് ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News