ഇടുക്കിയിൽ വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ദേഹത്ത് പെട്രോളൊഴിച്ച് ജെസിബിക്കുള്ളിൽ; അഞ്ച് വർഷമായിട്ടും വാഹനം വിട്ടുനൽകാത്തതിൽ പ്രതിഷേധം
Idukki , 09 ജൂലൈ (H.S.) ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമായ പീഡനത്തിനും അനാസ്ഥയ്ക്കുമെതിരെ ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ജെസിബി (JCB) അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച
ഇടുക്കിയിൽ വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ദേഹത്ത് പെട്രോളൊഴിച്ച് ജെസിബിക്കുള്ളിൽ; അഞ്ച് വർഷമായിട്ടും വാഹനം വിട്ടുനൽകാത്തതിൽ പ്രതിഷേധം


Idukki , 09 ജൂലൈ (H.S.)

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമായ പീഡനത്തിനും അനാസ്ഥയ്ക്കുമെതിരെ ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ജെസിബി (JCB) അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശിയായ അജീഷ് എന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നത്. സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച്, വനംവകുപ്പ് ഓഫീസിന് മുന്നിൽ കിടക്കുന്ന ജെസിബിക്കുള്ളിൽ കയറിയിരിക്കുകയാണ് അജീഷ്.

സംഭവമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരാരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആത്മഹത്യാ ഭീഷണി ആരംഭിച്ച് രണ്ട് മണിക്കൂറിലധികം പിന്നിട്ടിട്ടും വനംവകുപ്പിലെ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പോലും സംഭവസ്ഥലത്തേക്ക് വരാൻ തയ്യാറാകാത്തത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

500 രൂപ ഫൈൻ; ഒടുവിൽ ജീവിതോപാധി കാടുകയറി നശിച്ചു

കുടുംബം പുലർത്താനുള്ള ഏക ജീവിതോപാധിയായ വാഹനം വനംവകുപ്പ് ഉദ്യോഗസ്ഥർ ചതിയിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അജീഷ് മാധ്യമങ്ങളോട് പറഞ്ഞു. 2020-ൽ കഞ്ഞിക്കുഴിയിലെ സ്വന്തം വീടിന്റെ തറയൊരുക്കുന്ന ജോലികൾ ചെയ്യുന്നതിനിടയിലാണ് സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ അബദ്ധത്തിൽ പിഴുതുപോയത്. ഇതിന്റെ പേരിൽ അന്നത്തെ നഗരംപറ ഡെപ്യൂട്ടി റേഞ്ചർ സന്തോഷ് അജീഷിന് മേൽ 500 രൂപ പിഴ ചുമത്തി.

വാഹനം താൽക്കാലികമായി വനംവകുപ്പ് ഓഫീസിൽ എത്തിക്കണമെന്നും, രണ്ട് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി തിരികെ നൽകാമെന്നുമാണ് ഉദ്യോഗസ്ഥർ അന്ന് അജീഷിനോട് പറഞ്ഞിരുന്നത്. 2020-ൽ കേസെടുത്ത ശേഷം 2021-ലാണ് വാഹനം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ വനംവകുപ്പിനെ വിശ്വസിച്ച് വാഹനം സ്റ്റേഷനിലെത്തിച്ച അജീഷിന് പിന്നീട് ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടാണ് ഉണ്ടായത്.

എന്റെ വിയർപ്പാണ് ഇവിടെ കിടന്ന് നശിക്കുന്നത്

കഴിഞ്ഞ അഞ്ച് വർഷമായി നീതിക്കായി ഫോറസ്റ്റ് ഓഫീസുകൾ നിരന്തരം കയറിയിറങ്ങിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് അജീഷ് കണ്ണീരോടെ പറയുന്നു. ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് അജീഷ് ഈ വാഹനം വാങ്ങിയത്. തൊഴിലെടുക്കാൻ സാധിക്കാത്ത ഈ അഞ്ച് വർഷവും വാഹനത്തിന്റെ സിസി (മാസത്തവണ) കൃത്യമായി അടയ്ക്കേണ്ടി വന്നു. കടബാധ്യതകൾ പെരുകി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവാവ് ഈ കടുംകൈക്ക് മുതിർന്നത്.

എന്റെ ചോരയും വിയർപ്പും ഒഴുക്കി ഉണ്ടാക്കിയ വാഹനമാണിത്. അതാണ് ഇവിടെ കാടുകയറി നശിക്കുന്നത്, എന്ന് അജീഷ് ജെസിബിക്കുള്ളിലിരുന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വാഹനം വിട്ടുനൽകാൻ തയ്യാറാകാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അജീഷും കുടുംബവും. സ്ഥലത്ത് ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News