മതം മാറിയവര്ക്ക് സംവരണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്
New delhi, 09 ജൂലൈ (H.S.) ചെന്നൈ: മതം മാറിയവര്‍ക്ക് സംവരണ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇസ്ലാം മതം സ്വീകരിച്ചയാള്‍ക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ്
Supreme Court


New delhi, 09 ജൂലൈ (H.S.)

ചെന്നൈ: മതം മാറിയവര്‍ക്ക് സംവരണ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇസ്ലാം മതം സ്വീകരിച്ചയാള്‍ക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് തമിഴ്‌നാടിന്റെ ഹര്‍ജി. തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കി. നിലവില്‍ സംവരാണാനുകൂല്യം ലഭിക്കുന്നയാള്‍ക്ക് മതപരിവര്‍ത്തനത്തിന്റെ പേരില്‍ അത് നിഷേധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഹിന്ദുമതത്തില്‍ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചയാള്‍ക്ക് താന്‍ മുസ്ലിമാണെന്നു മാത്രമേ അവകാശപ്പെടാനാകൂ എന്നും പിന്നാക്ക സംവരണാനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനും ജസ്റ്റിസ് പി.ബി. ബാലാജിയുമടങ്ങുന്ന ബെഞ്ച് കഴിഞ്ഞമാസം വിധിച്ചത്. പിന്നാക്ക, അതി പിന്നാക്ക, പട്ടിക വിഭാഗങ്ങളില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് പിന്നാക്ക മുസ്ലിം വിഭാത്തില്‍പ്പെടുത്തി 3.5 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിവിധി.

ഹിന്ദുവായി ജനിച്ച പരമശിവം എന്നയാള്‍ സമീര്‍ അഹമ്മദ് എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ലെബ്ബായി വിഭാഗത്തില്‍പ്പെടുത്തി പിന്നാക്ക സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അപേക്ഷ നല്‍കി. ഇത് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ ഹിന്ദുമതത്തിലേതുപോലെ ജാതി ശ്രേണിയില്ലെന്നാണ് കരുതപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ മതം മാറുന്നയാള്‍ക്ക് താന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കണമെന്ന് വിവിധ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News