Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത നിയമന വിവാദങ്ങളിൽ പ്രതിഷേധിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്തിന്റെ സുരക്ഷാ വലയങ്ങൾ ഭേദിച്ച് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറി. ഓഫീസിനുള്ളിൽ എത്തിയ പ്രതിഷേധക്കാർ പിഎസ്സി ചെയർമാനെ നേരിട്ട് തടയാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി.
പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ പിഎസ്സി ഓഫീസിലെ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. രാജേഷ്, അനിൽകുമാർ എന്നീ സെക്യൂരിറ്റി ജീവനക്കാർക്കാണ് പരിക്കേറ്റത്. ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കവാടത്തിൽ വെച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
അതിസുരക്ഷാ മേഖലയായ പിഎസ്സി ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങളിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തലസ്ഥാനത്ത് നിരന്തരം രാഷ്ട്രീയ സമരങ്ങളും പ്രതിഷേധങ്ങളും നടക്കാറുള്ളതാണെങ്കിലും, പിഎസ്സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്രയും വലിയ പ്രതിഷേധവുമായി എത്തുന്ന വിവരം മുൻകൂട്ടി അറിയുന്നതിലും അത് തടയുന്നതിലും പൊലീസിന് വീഴ്ച പറ്റി.
പ്രതിഷേധക്കാർ ഓഫീസിന്റെ പ്രധാന കവാടം കടന്ന് അകത്തേക്ക് ഇരച്ചുകയറിയ സമയത്ത് അവരെ പ്രതിരോധിക്കാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് കവാടത്തിൽ പ്രവർത്തകരെ തടയാൻ ഉണ്ടായിരുന്നത്. സർക്കാരിന്റെയും പിഎസ്സിയുടെയും പ്രധാനപ്പെട്ട ഓഫിസുകളിലൊന്നിന് മുന്നിൽ ആവശ്യമായ മുൻകരുതലുകളോ സുരക്ഷാ സജ്ജീകരണങ്ങളോ ഒരുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പ്രതിഷേധത്തിന് പിന്നിൽ
അർഹരായ ഉദ്യോഗാർത്ഥികളെ പുറത്തുനിർത്തിക്കൊണ്ട് പിൻവാതിൽ നിയമനങ്ങളും കരാർ നിയമനങ്ങളും തകൃതിയായി നടക്കുന്നു എന്ന ആക്ഷേപമാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. പിഎസ്സി ഉദ്യോഗാർത്ഥികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന നിരവധി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K