ഉത്പാദന തകർച്ചയിൽ പാലക്കാട്ടെ കള്ള് വ്യവസായം
Palakkad , 01 ഓഗസ്റ്റ് (H.S.) പതിറ്റാണ്ടുകളായി കേരളത്തിലെ ചെത്ത് വ്യവസായത്തിൻ്റെ ഹൃദയമിടിപ്പായ പാലക്കാട്ടെ ചിറ്റൂർ മേഖലയിൽ കള്ള് ഉത്പാദനം പ്രതിസന്ധിയിൽ. കേരളത്തിലെ 12 ജില്ലകൾക്കും കള്ള് വിതരണം ചെയ്യുന്ന പാലക്കാട് ചിറ്റൂരിൽ കള്ളിന് ക്ഷാമമെന്ന് പരാത
TODDY SHORTAGE


Palakkad , 01 ഓഗസ്റ്റ് (H.S.)

പതിറ്റാണ്ടുകളായി കേരളത്തിലെ ചെത്ത് വ്യവസായത്തിൻ്റെ ഹൃദയമിടിപ്പായ പാലക്കാട്ടെ ചിറ്റൂർ മേഖലയിൽ കള്ള് ഉത്പാദനം പ്രതിസന്ധിയിൽ. കേരളത്തിലെ 12 ജില്ലകൾക്കും കള്ള് വിതരണം ചെയ്യുന്ന പാലക്കാട് ചിറ്റൂരിൽ കള്ളിന് ക്ഷാമമെന്ന് പരാതി. കള്ള് ക്ഷാമം രൂക്ഷമാകുന്നതോടെ മായം ചേർത്ത കള്ള് വിപണിയിലെത്തുന്നതും പ്രതിസന്ധിയിലാകുന്നു.

കള്ളിൽ മായം ചേർത്തതിന് ഒറ്റപ്പാലത്തെ അഞ്ച് കള്ള് ഷാപ്പുകൾ പൂട്ടുകയും ചെയ്തു. കള്ള് ലഭ്യതക്കുറവിന് പുറമെ മായം ചേർത്ത കള്ള് വിപണിയിലെത്തുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. മേഖലയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനിയിലാണ് മായം ചേർത്ത കള്ള് കണ്ടെത്തിയത്.

കള്ളിന് ക്ഷാമമെന്ന് ചെത്ത് തൊഴിലാളികൾ

രണ്ടുലിറ്റർവരെ കള്ള് ലഭിച്ചിരുന്ന തെങ്ങുകളിൽ ഉത്പാദനം അര ലിറ്റർ പോലും ഇല്ലാതായി. ദിനംപ്രതി 45 ലിറ്റർവരെ കള്ള് അളന്നിരുന്ന ചെത്തുതൊഴിലാളികൾക്ക് 20 ലിറ്റർ പോലും അളക്കാനില്ലാത്ത സ്ഥിതിയാണ്. 1100 തോപ്പുകളിൽ 80 ശതമാനത്തിലും ജലസേചനവും മഴക്കാല പരിചരണവും പ്രതിസന്ധിയിലായതാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം.

''ജലക്ഷാമം മൂലം തെങ്ങുകളിൽ പുതിയ കുലകളുണ്ടാകാത്തതും സാരമായി ബാധിച്ചു. ലഭ്യമായ കള്ള് രാവിലെ ഒൻപതിനുമുമ്പ് തന്നെ വിറ്റുതീരുന്ന സ്ഥിതിയാണ്. എക്സൈസ് വകുപ്പ് നൽകിയിട്ടുള്ള അന്തർജില്ലാ പെർമിറ്റ് അനുസരിച്ച് ഒരു ഷാപ്പ് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 50 തെങ്ങുകളെങ്കിലും ചെത്തണം.

എന്നാൽ, കുഴൽക്കിണർ സൗകര്യമുള്ള തോപ്പുകളിൽ മാത്രമാണ് പരിമിതമായ തോതിലെങ്കിലും ചെത്താനാവുന്നതെന്ന് കർഷകർ പറയുന്നു. ഉത്പാദനം കുറഞ്ഞത് കൃത്രിമക്കള്ള് നിർമാണ സംഘങ്ങൾക്ക് സഹായകരമായി മാറുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആവശ്യത്തിന് കള്ള് കണ്ടെത്താത്തത് ഷാപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വിൽപ്പനക്കാരും പറയുന്നു.

പ്രതിദിനം രണ്ടരലക്ഷം ലിറ്റർ കള്ളാണ് ചിറ്റൂരിൽ നിന്ന് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ, ഉത്പാദനം ഒരുലക്ഷം ലിറ്ററിലും താഴേക്കെത്തിയതായി കർഷകർ പറയുന്നു. ഇതോടെ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൻ്റെ അളവും കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ ഇതരജില്ലകളിലെ തൊഴിലാളികൾ ഏറെയും ചെത്ത് നിർത്തി മടങ്ങുകയാണ്. കേരളത്തിലെ ചെത്തുതൊഴിലാളിക്ക് ലിറ്ററിന് 33 രൂപയാണ് ലഭിക്കുക. തമിഴ്ട്ടുനാട്ടുകാർക്ക് 20 രൂപയുമാണ്,'' ചെത്ത് തൊഴിലാളികൾ പറയുന്നു.

മായം ചേർത്ത കള്ള് വിപണിയിൽ, നിയമ നടപടിയുമായി അധികൃതർ

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ അഞ്ച് കള്ള് ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് റദ്ദാക്കി. ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തെക്കുമുറി, വീട്ടാംപാറ, വരോട്, ചക്കരക്കുഴി തുടങ്ങിയിടങ്ങളിലെ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ഈ ഷാപ്പുകളുടെ ലൈസൻസി ഒറ്റപ്പാലം സ്വദേശിയായ പവിത്ര, വിൽപ്പനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ കള്ളെടുത്ത് രാസ പരിശോധനക്കയച്ചതിലാണ് മായം കണ്ടെത്തിയത്. കള്ളിൽ സോഡിയം ലോറിൽ സൾഫേറ്റിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. കള്ള് പതയുന്നതിനും രുചിക്കും ഗന്ധത്തിനുമായാണ് ഇവ ചേർത്തതെന്നാണ് മനസിലാക്കുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഇതേ തുടർന്നാണ് ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൻ്റെ അതേ ഗ്രൂപ്പിലുള്ള മറ്റ് ഷാപ്പുകളുടെ പ്രവർത്തനവും നിർത്തിച്ചത്.

പാലക്കാട് ജില്ലയിൽ നിന്നാണ് പലയിടങ്ങളിലേക്കും കള്ള് പോകുന്നത്. ചിറ്റൂരിലുൾപ്പടെ ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ വിൽപ്പനയിൽ കള്ള് കുറഞ്ഞിട്ടുമില്ല. ഈ സ്ഥിതിയാണ് പരിശോധന വ്യാപിപ്പിക്കുന്നതിന് എക്സൈസിനെ പ്രേരിപ്പിച്ചത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥർ എത്തിയാണ് രഹസ്യപരിശോധനകൾ നടക്കുന്നത്.

തെക്കൻ ജില്ലകളിലേക്ക് കള്ള് കയറ്റി കൊണ്ട് പോകുന്നത് പരിശോധിക്കുന്ന ആലത്തൂർ കള്ള് ചെക്കിങ് സ്റ്റേഷനിലും, വടക്കൻ ജില്ലകളിലേക്ക് കള്ള് കയറ്റി പോകുന്നത് പരിശോധിക്കുന്ന പറളി കള്ള് ചെക്കിങ് സ്റ്റേഷനിലും ദിവസവും സാമ്പിളുകൾ എടുത്തു രാസ പരിശോധനക്കയക്കുന്നുണ്ട്. രാത്രി കാല കള്ള് തോപ്പുകളുടെ പരിശോധനയും കർശനമായി തുടരുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഒപ്പം മൊബൈൽ ലാബിൻ്റെ സേവനവും പാലക്കാട്ട് എക്സൈസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News