സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് 801 കോടിയിലധികം രൂപ.
Ernakulam , 01 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് 801 കോടിയിലധികം രൂപ. 2025 ജൂൺ മുതൽ 2026 മേയ് വരെയുള്ള കാലയളവിലെ കണക്കുകളാണ് കേരള പൊലീസിൻ്റെ സൈബർ ഡിവിഷൻ പുറത്തുവിട്ടത്. ഡിജിറ്റൽ അറസ്റ്റ്
Cyber crime


Ernakulam , 01 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് 801 കോടിയിലധികം രൂപ. 2025 ജൂൺ മുതൽ 2026 മേയ് വരെയുള്ള കാലയളവിലെ കണക്കുകളാണ് കേരള പൊലീസിൻ്റെ സൈബർ ഡിവിഷൻ പുറത്തുവിട്ടത്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ പണം അപഹരിക്കുന്നത്.

ഡിജിറ്റൽ അറസ്റ്റ്, തൊഴിൽ വാഗ്ദാനം, ഓൺലൈൻ ട്രേഡിങ്, ഡീപ് ഫേക്ക്, വായ്പ ആപ്പുകൾ, വ്യാജ സമ്മാന വാഗ്ദാനം തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെയാണ് സംസ്ഥാനത്ത് പണം തട്ടൽ അരങ്ങേറുന്നത്. വ്യാജ പരസ്യങ്ങളിലൂടെയാണ് ഏറ്റവും കൂടുതൽ പേർ വഞ്ചിക്കപ്പെട്ടത്. 3996 പേരാണ് ഇത്തരം പരസ്യങ്ങളിൽ കുടുങ്ങിയത്. വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽപ്പെട്ട് 3028 പേർക്കും വായ്പ വാഗ്ദാനങ്ങളിൽപ്പെട്ട് 2317 പേർക്കും പണം നഷ്ടമായി. ഓൺലൈൻ വ്യാപാരത്തിലൂടെ 1069 പേർ തട്ടിപ്പിനിരയായപ്പോൾ, ഡിജിറ്റൽ അറസ്റ്റിലൂടെ 49 പേരും വ്യാജ പരസ്യ വാഗ്ദാനങ്ങളിലൂടെ 353 പേരും കബളിപ്പിക്കപ്പെട്ടു.

ജില്ലകളിലെ കണക്കുകൾഎറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 6,862 കേസുകളിലായി 182.51 കോടി രൂപ നഷ്ടമായി. സാമ്പത്തിക നഷ്ടം കൂടുതലായി ഉണ്ടായതും എറണാകുളം നഗരപരിധിയിലാണ്. നഗരത്തിൽ മാത്രം 3,409 കേസുകളിലായി 118.41 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 1,114 കേസുകൾ മാത്രമാണ് ഉള്ളത്. സാമ്പത്തിക നഷ്ടം ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 1,166 കേസുകളിലായി 11.07 കോടി രൂപയാണ് ഇടുക്കിയിൽ നഷ്ടമായത്.

വിവിധ ജില്ലകളിലെ തട്ടിപ്പുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരത്ത് 4,987 കേസുകളിലായി 98.59 കോടി രൂപയാണ് നഷ്ടമായത്. കൊല്ലത്ത് 2,999 കേസുകളിൽ നിന്ന് 44.74 കോടി രൂപയും പത്തനംതിട്ടയിൽ 1,411 കേസുകളിൽ നിന്ന് 29.69 കോടി രൂപയും നഷ്ടപ്പെട്ടു. ആലപ്പുഴയിൽ 2,531 കേസുകളിലായി 48.29 കോടി രൂപയും കോട്ടയത്ത് 2,513 കേസുകളിലായി 55.32 കോടി രൂപയുമാണ് തട്ടിപ്പുകാർ അപഹരിച്ചത്. തൃശൂരിൽ 4,347 കേസുകളിലായി 89.33 കോടി രൂപയും പാലക്കാട് 3,387 കേസുകളിലായി 48.13 കോടി രൂപയും നഷ്ടമായി. മലപ്പുറത്ത് 4,849 കേസുകളിൽ നിന്ന് 51.14 കോടി രൂപയും കോഴിക്കോട് 3,958 കേസുകളിൽ നിന്ന് 60.46 കോടി രൂപയും കണ്ണൂരിൽ 2,979 കേസുകളിലായി 48.66 കോടി രൂപയും കാസർകോട് 1,550 കേസുകളിലായി 21.96 കോടി രൂപയുമാണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടത്.

പൊലീസിൻ്റെ ഇടപെടൽസൈബർ തട്ടിപ്പിലൂടെ നഷ്ടമായ 801 കോടി രൂപയിൽ കൃത്യമായ ഇടപെടലിലൂടെ 185.85 കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് സാധിച്ചു. 118 കോടി രൂപ നഷ്ടമായ എറണാകുളം നഗരപരിധിയിൽ 25.05 കോടി രൂപയാണ് മരവിപ്പിച്ചത്. തട്ടിപ്പുകൾ തടയാൻ കേരള പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. തട്ടിപ്പ് പണം കൈമാറാൻ ഉപയോഗിക്കുന്ന ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് ഇതിനോടകം മരവിപ്പിച്ചു.

ജാഗ്രത നിർദേശംസൈബർ തട്ടിപ്പിന് ഇരയായാൽ ആദ്യത്തെ ഗോൾഡൻ അവറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സാധിച്ചേക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഉപഭോക്തൃ പരാതികൾക്കായി വ്യക്തികൾക്ക് അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉപഭോക്തൃ ഹെൽപ് ലൈനുമായോ അല്ലെങ്കിൽ നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനുമായോ ബന്ധപ്പെടാവുന്നതാണ്. ഇതിനായി 1915 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറും ഉപയോഗിക്കാവുന്നതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News