Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ (ഓഗസ്റ്റ് 4) ദിവസങ്ങളിൽ ജില്ലയിൽ ഉറവിട നശീകരണയജ്ഞം സംഘടിപ്പിക്കും. കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെല്ലാം പങ്കാളികളാകണമെന്നും അവരവരുടെ ചുറ്റുപാടുകൾ വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
ഇതോടൊപ്പം ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും നിർമാണ മേഖലകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ നടപ്പാക്കണം. ഡെങ്കിപ്പനിക്കേസുകൾ ജില്ലയിൽ കൂടുന്ന സാഹചര്യത്തിലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ നിർദേശം നൽകിയത്.
ശ്രദ്ധിക്കേണ്ട ഇടങ്ങൾ
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പാക്കണം.
*വീടിന്റെ പുറത്ത് ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല് , ഉരൽ ,ക്ലോസറ്റുകൾ,വാഷ്ബേസിനുകൾ എന്നിവിടങ്ങളിൽ വെള്ളം വീഴാത്തവിധം സൂക്ഷിക്കണം
*ടെറസ്,സൺഷേഡ്, റൂഫിന്റെ പാത്തി, മഴ മറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ടാർപോളിൻ ഷീറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുകുകൾ കടക്കാത്ത വിധം മൂടി സൂക്ഷിക്കണം. തോട്ടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കണം
പനി,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണമായും വിശ്രമിക്കണം.പനിയുള്ളപ്പോൾ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പാടില്ല. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലെത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സുരക്ഷ മാർഗങ്ങൾ
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കണം. ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ജനൽ, വാതിൽ എന്നിവിടങ്ങളിൽ കൊതുക് വല ഘടിപ്പിക്കണം. പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കണം.
മഴ കൂടി എത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ആകെ ഒരു ദിവസങ്ങളിൽ കൊതുക നശീകരണ പ്രവർത്തനങ്ങൾ ഊർജിതമായേയ്ക്കും..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR