മഴക്കെടുതിയിൽ കിഴക്കൻ മലയോര മേഖല;
Kozhikode , 01 ഓഗസ്റ്റ് (H.S.) മഴക്കെടുതിയിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല. രണ്ട് ദിവസങ്ങളിലായി നിൽക്കാതെ പെയ്യുന്ന മഴയിൽ മിക്ക പുഴകളും കരകവിഞ്ഞതോടെയാണ് മഴ ദുരിതം ജനജീവിതത്തെ ബാധിച്ചത്. ചാലിയാറും, ഇരുവഞ്ഞിയും, ചെറുപുഴയും, ചാലിപ്പുഴയും, പൊയിലിം
HEAVY RAINS IN EASTERN HILL AREA


Kozhikode , 01 ഓഗസ്റ്റ് (H.S.)

മഴക്കെടുതിയിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല. രണ്ട് ദിവസങ്ങളിലായി നിൽക്കാതെ പെയ്യുന്ന മഴയിൽ മിക്ക പുഴകളും കരകവിഞ്ഞതോടെയാണ് മഴ ദുരിതം ജനജീവിതത്തെ ബാധിച്ചത്. ചാലിയാറും, ഇരുവഞ്ഞിയും, ചെറുപുഴയും, ചാലിപ്പുഴയും, പൊയിലിംങ്ങാപുഴയിലും വെള്ളത്തിൻ്റെ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന പൊയിലിംങ്ങാപുഴയിൽ ഇന്ന് അതിരാവിലെ മുതൽ മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്. ഉറുമി ജലവൈദ്യുത പദ്ധതിയോട് ചേർന്നുള്ള ഭാഗങ്ങളിൽ അപകടകരമായ വിധത്തിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇതോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിരവധി റിസോർട്ടുകൾ പ്രവർത്തിക്കുന്ന കൂടരഞ്ഞിയിലെ റിസോർട്ടുകൾക്കും മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റിസോർട്ടുകൾ അടച്ചിടണമെന്ന് നിർദ്ദേശവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്. ഇതിനുപുറമെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരങ്ങളും നിരോധിച്ചിട്ടുണ്ട്.

കോടഞ്ചേരി ചാലിപുഴയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന കയാക്കിംങ് മത്സരങ്ങളും മാറ്റിവെച്ചു. ചാലിപ്പുഴയിലും വലിയതോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴയിൽ പ്രധാന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കാരശ്ശേരി ഓടത്തെരുവിൽ മണ്ണിടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഈ ഭാഗങ്ങളിൽ ഇനിയും മണ്ണിടിഞ്ഞ് അപകട ഭീഷണി ഉള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്തിലെ മാലാംകുന്നിൽ പുല്ലിപ്പൊയിൽ അഫ്സത്തിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. തൊട്ടു താഴെയുള്ള ഷാഹിനയുടെ വീടിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. ഇതോടെ രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇരു വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മഴ ശക്തമായതോടെ പെരുവയൽ ഗ്രാമപഞ്ചായത്തിലും വ്യാപകമായ മഴക്കെടുതികൾ ഉണ്ടായി. പെരുവയൽ വെള്ളിപറമ്പിന് സമീപം ആറെരണ്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൂടാതെ മാവൂർ കോഴിക്കോട് റോഡരികിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ പെട്രോൾ പമ്പിലും വെള്ളം കയറിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു.

നിരവധി വീടുകളിൽ വെള്ളം കയറി

പെരുവയൽ ആനക്കുഴിക്കരയിലും നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ പ്രധാന റോഡായ മാവൂർ കോഴിക്കോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മിക്ക കടകളും അടച്ചിട്ട നിലയിലാണ്. ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും രൂക്ഷമായ മഴ ദുരിതങ്ങളാണ് ഉണ്ടായത്. ഒളവണ്ണ പഞ്ചായത്തിലെ കൊമ്മേരി, മേത്തോട്ട് താഴം തുടങ്ങിയ ഭാഗങ്ങളിൽമഴവെള്ളം ഒഴിഞ്ഞു പോകാത്തതിനെ തുടർന്ന് വീടുകളിലും റോഡുകളിലും വെള്ളം കയറി.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽസങ്കേതം, വിരിപ്പിൽ, ഭാഗങ്ങളിൽ ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയിട്ടുണ്ട്. മാവൂർ ഗ്രാമപഞ്ചായത്തിൽ ചാലിയാർ കരകവിഞ്ഞതിനെ തുടർന്ന് ഏത് നിമിഷവും വെള്ളം കയറാവുന്ന നിലയിലാണ്. നിരവധി വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മാവൂർ സൗത്ത് അരയങ്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചക്കാലക്കൽ ഷംസുദ്ദീൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴുന്നത്. തൊട്ടടുത്തുതന്നെയുള്ള വീടിന് ഭീഷണിയുണ്ട്. മഴ ഇതിന് സമാനമായ വിധത്തിൽ പെയ്യുകയാണെങ്കിൽ മിക്ക പ്രദേശങ്ങളും ഒറ്റപ്പെടാൻ സാധ്യതയുണ്ട്.

രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചാലിയാറിലും ഇരുവഞ്ഞിയിലും ചെറുപുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മഴയ്ക്ക് പുറമെ ഇന്ന് പുലർച്ചെ മുതൽ അതിശക്തമായ കാറ്റും ആഞ്ഞു വീശുന്നുണ്ട്. പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെചാലിയാറിൽ ഊർക്കടവ് റെഗുലേറ്ററിന്റെ പതിനാറ് ഷട്ടറുകൾ പൂർണമായും ഉയർത്തിയിട്ടുണ്ട്. ഇതോടെ റെഗുലേറ്ററിന്റെ താഴെ ഭാഗങ്ങളിലും തീരദേശങ്ങളിൽ താമസിക്കുന്നവർക്കും പുഴയിൽ ഇറങ്ങരുതെന്ന് ജാഗ്രത നിർദ്ദേശം നൽകി.

അതേസമയം ട്രോളിങ് നിരോധനം പിൻവലിച്ച ഇന്ന്പുലർച്ചെ മുതൽബോട്ടുകൾ കടലിൽ പോയി തുടങ്ങി. നൂറുകണക്കിന് ബോട്ടുകളാണ് മത്സ്യം തേടി കടലിലേക്ക് പോയത്. കോഴിക്കോട് ബേപ്പൂർ പുലിമൂട്ടിൽ നിന്നും കടലിലേക്ക് പോകുന്ന ബോട്ടുകൾ പോകുന്ന കാഴ്ച കാണാൻ നൂറുകണക്കിന് പേരാണ് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത്. ബോട്ടുകൾ കടലിലേക്ക് പോകുന്ന സമയത്ത് ബേപ്പൂർ ചാലിയം പുലിമൂട്ടുകളിൽ നിന്നും ആർപ്പുവിളിക്കും വർണ്ണ പടക്കങ്ങൾ പൊട്ടിച്ചും ട്രോളിംഗ് നിരോധനം പിൻവലിച്ചത് ആഘോഷമാക്കുകയും ചെയ്തു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂർ - കാസറഗോഡ് വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (01/08/2026) രാത്രി 08.30 വരെ 2.8 മുതൽ 3.4 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 01/08/2026 രാത്രി 08.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കന്യാകുമാരി തീരത്ത് 01/08/2026 രാത്രി 08.30 വരെ 1.7 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News