കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു
Thiruvananthapuram , 01 ഓഗസ്റ്റ് (H.S.) സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
K M Basheer murder case


Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)

സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഇന്ന് നടന്ന ആദ്യ ദിവസത്തെ വിസ്താരത്തിൽ, സിറാജ് പത്രത്തിലെ ഡയറക്ടര് ബോര്ഡ് അംഗം സൈഫുദ്ദീൻ ഹാജി ഒന്നാം സാക്ഷിയായി മൊഴി നൽകി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തുകയും അവിടെയുണ്ടായിരുന്ന ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പൊലീസിന് എഫ്ഐഎസ് നൽകിയത് ഇദ്ദേഹമാണ്.

സപ്ലൈകോ ചെയര്മാനും മാനേജിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ആണ് കേസിലെ ഏക പ്രതി. പ്രതി കോടതിയിൽ ഹാജരായിരുന്നെങ്കിലും, പ്രതിഭാഗം അഭിഭാഷകൻ്റെ ആവശ്യപ്രകാരം ക്രോസ് വിസ്താരം വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു.

37 ദിവസം നീണ്ടുനിൽക്കുന്ന വിസ്താരത്തിൽ പ്രോസിക്യൂഷൻ നൂറ് സാക്ഷികളുടെ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ എം ബഷീർ ദാരുണമായി കൊല്ലപ്പെട്ടത്. ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ കേസിൽ നീണ്ട നാളത്തെ നിയമനടപടികൾക്ക് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.

അതേസമയം കേസില് ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തപ്പെട്ട കൊലക്കുറ്റം തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതി ഒഴിവാക്കിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സര്ക്കാര് സമര്പ്പിച്ച റിവിഷൻ ഹർജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരായ, മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്തമായ വസ്തുതകൾ കേസിലുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന് ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി, പ്രാഥമികമായ മറ്റ് തെളിവുകള് പരിഗണിക്കുമ്പോള് പ്രതി മദ്യപിച്ചുകൊണ്ടാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചിരുന്നു.

പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമാക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ, ലഹരിയുടെ അളവ് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇല്ലാത്തത് സെക്ഷൻ 304 പ്രകാരം കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ല. ഒന്നാം പ്രതി മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രഥമദൃഷ്ട്യാ അനുമാനിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച പരിശോധനാറിപ്പോർട്ടിൽ മദ്യത്തിന്റെ അംശമില്ലെന്നും അതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുമുള്ള ശ്രീറാമിന്റെ വാദത്തിന് മറുപടിയായിട്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News