17-ാമത് സി.എസ്.സി ദിനാഘോഷം ഓഗസ്റ്റ് 3-ന് തിരുവനന്തപുരത്ത്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thiruvananthapuram 01 ഓഗസ്റ്റ് (H.S.) കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) ഡിജിറ്റൽ ഇന്ത്യ മിഷന്റെ കീഴിലുള്ള പ്രധാന സംരംഭങ്ങളിലൊന്നായ കോമൺ സർവീസ് സെന്ററുകളുടെ (CSC) 17-ാമത് സംസ്ഥാനതല ദിനാഘോഷം (CSC Diwas 2026) 20
സി എസ് സി ദിനാഘോഷം


Thiruvananthapuram 01 ഓഗസ്റ്റ് (H.S.)

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) ഡിജിറ്റൽ ഇന്ത്യ മിഷന്റെ കീഴിലുള്ള പ്രധാന സംരംഭങ്ങളിലൊന്നായ കോമൺ സർവീസ് സെന്ററുകളുടെ (CSC) 17-ാമത് സംസ്ഥാനതല ദിനാഘോഷം (CSC Diwas 2026) 2026 ഓഗസ്റ്റ് 3 തിങ്കളാഴ്ച തിരുവനന്തപുരം പനവിള ജംഗ്ഷനിലുള്ള ഹോട്ടൽ എസ്.പി ഗ്രാൻഡ് ഡേയ്സിൽ (Hotel SP Grand Days) വെച്ച് നടക്കും. രാവിലെ 10:00 മണിക്ക് പരിപാടികൾ ആരംഭിക്കും.

ചടങ്ങിന്റെ ഉദ്ഘാടനവും പ്രധാന പ്രഭാഷണവും മുഖ്യാതിഥിയായ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവ്വഹിക്കും.

ചടങ്ങിൽ വിശിഷ്ടാതിഥികളായി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും:

• ശ്രീ. ശ്രീറാം സാമ്പശിവറാവു, IAS (സെക്രട്ടറി, വിവരസാങ്കേതികവിദ്യ വകുപ്പ്, കേരള സർക്കാർ)

• ശ്രീ. സന്ദീപ് കുമാർ, IAS (ഡയറക്ടർ, വിവരസാങ്കേതികവിദ്യ വകുപ്പ്, കേരള സർക്കാർ)

• ശ്രീ. നാഗരാജു ചകിലം, IPS (ട്രാൻസ്പോർട്ട് കമ്മീഷണർ, കേരള സർക്കാർ)

• ശ്രീ. വിനോദ് ജേക്കബ് ജോൺ, IOFS (ഡയറക്ടർ, UIDAI)

• ശ്രീ. കെ. വി. ബംഗാറ രാജു (ചീഫ് ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള സർക്കിൾ)

• ശ്രീ. സുവിദ് വിജയൻ (സ്റ്റേറ്റ് ഹെഡ്, CSC കേരള & ലക്ഷദ്വീപ്)

സി.എസ്.സി (CSC) – ഡിജിറ്റൽ ഗവേണൻസിലൂടെ പൗരന്മാരുടെ ശാക്തീകരണം

ഡിജിറ്റൽ ഇന്ത്യ മിഷന് കീഴിൽ പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ അസിസ്റ്റഡ് ഡിജിറ്റൽ സേവന ശൃംഖലയാണ് കോമൺ സർവീസ് സെന്ററുകൾ (CSC). വില്ലേജ് ലെവൽ ഒന്റർപ്രണർമാർ (VLEs) വഴി കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങൾ, ബാങ്കിംഗ്, സാമ്പത്തിക സഹായങ്ങൾ, ഇൻഷുറൻസ്, ടെലിമെഡിസിൻ, വിദ്യാഭ്യാസം, കൃഷി, ഡിജിറ്റൽ പേയ്മെന്റുകൾ, പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ, യൂട്ടിലിറ്റി ബിൽ അടവുകൾ തുടങ്ങി നിരവധിയായ സേവനങ്ങൾ ജനങ്ങൾക്ക് വീടിനടുത്ത് തന്നെ സി.എസ്.സി ലഭ്യമാക്കുന്നു.

കേരളത്തിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ശക്തമായ സാന്നിധ്യമുള്ള സി.എസ്.സി ശൃംഖല, സുതാര്യവും ജനകേന്ദ്രീകൃതവുമായ ഡിജിറ്റൽ ഭരണനിർവ്വഹണം ഉറപ്പാക്കുന്നതിനൊപ്പം സംരംഭകത്വവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിലും ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിലും സർക്കാർ സേവനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിലും സി.എസ്.സി നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

17 വർഷത്തെ ജനകീയ സേവന നിര

പൊതുജനസേവന രംഗത്ത് 17 വർഷം പിന്നിടുന്ന സി.എസ്.സി, സാങ്കേതികവിദ്യയിലൂടെ സാധാരണക്കാരെ ശാക്തീകരിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനാഘോഷം.

ഉദ്ഘാടന ചടങ്ങിന് പുറമെ സി.എസ്.സിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ടുകൾ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വില്ലേജ് ലെവൽ ഒന്റർപ്രണർമാർക്കുള്ള (VLEs) അവാർഡ് ദാനം, ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും നടക്കും.

പൊതുസമ്മേളനത്തിന് ശേഷം സി.എസ്.സി ഗ്രാമതലസംരംഭകർക്കുള്ള (VLEs) സമഗ്രമായ സാങ്കേതിക പരിശീലന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ സേവനങ്ങൾ, ഡിജിറ്റൽ ഗവേണൻസ് പദ്ധതികൾ, ബാങ്കിംഗ്-സാമ്പത്തിക സേവനങ്ങൾ, സേവന നിലവാരം ഉയർത്തൽ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ നയിക്കുന്ന പരിശീലനം VLE-കൾക്ക് നൽകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News