ശബരിമലയിലെ നെയ്യ് വിതരണത്തിൽ കണ്ടെത്തിയ വൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ ദേവസ്വം വകുപ്പിൻ്റെ തീരുമാനം
Thiruvananthapuram , 01 ഓഗസ്റ്റ് (H.S.) ശബരിമലയിലെ നെയ്യ് വിതരണത്തിൽ കണ്ടെത്തിയ വൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ ദേവസ്വം വകുപ്പിൻ്റെ തീരുമാനം. ദേവസ്വം സെക്രട്ടറി രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ
Sabarimala


Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)

ശബരിമലയിലെ നെയ്യ് വിതരണത്തിൽ കണ്ടെത്തിയ വൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ ദേവസ്വം വകുപ്പിൻ്റെ തീരുമാനം. ദേവസ്വം സെക്രട്ടറി രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്.

ശബരിമലയിലെ പ്രധാന വഴിപാടായ നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്ന നെയ്യിലാണ് വ്യാപകമായ തോതിൽ മായം കലർത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൽമയുമായുള്ള കരാർ

2025-2026 കാലയളവിലേക്ക് 1,65,000 ലിറ്റർ നെയ്യ് വാങ്ങാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടാക്കിയിരുന്നത്. ഇതിൽ 1,50,000 ലിറ്റർ നെയ്യ് മിൽമ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി നെയ്യ് നൽകിയിട്ടില്ല. 5,000 ലിറ്ററിൻ്റെ 30 ബാച്ചുകളായാണ് ശബരിമലയിൽ നെയ്യെത്തിച്ചത്. ഇതിൽ ആറ് ബാച്ച് മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. പരിശോധിച്ചവയെല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരണയായി ഭക്ഷ്യവസ്തുവിൽ മായം കലർത്തിയ സംഭവം മാത്രമല്ലെന്നും, മറിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്വേഷണ പരിധി

മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയുൾപ്പെടെ സമഗ്രമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനം. ശബരിമലയിൽ എത്തിച്ച ശേഷമാണോ അതോ അതിന് മുൻപാണോ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. ഏതായാലും ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ കർശനമായ മുന്നൊരുക്കങ്ങൾ സർക്കാർ നടത്തും. ശബരിമലയിലെ നെയ്യഭിഷേകം അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. ഇരുമുടിക്കെട്ടിൽ ഭക്തിയോടെ കൊണ്ടുവരുന്ന നെയ്യ് കൂടാതെ, ദേവസ്വം ബോർഡ് നേരിട്ട് സംഭരിക്കുന്ന നെയ്യും അഭിഷേകത്തിനും പ്രസാദ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് നെയ്യ് വിതരണത്തിലെ ക്രമക്കേട് അതീവ ഗൗരവമുള്ള വിഷയമായി മാറുന്നത്. നിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുന്നതോടെ, കരാർ നടപടികളിലെ സുതാര്യതയും ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കപ്പെടും. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന സർക്കാരിൻ്റെ ഉറപ്പ് ഭക്തർക്ക് ആശ്വാസം നൽകുന്നതാണ്. വരും ദിവസങ്ങളിൽ അന്വേഷണ സംഘം ദേവസ്വം ബോർഡ് ഓഫിസുകളിലും മിൽമയുടെ പ്ലാൻ്റുകളിലും പരിശോധന നടത്തിയേക്കും.

ഡിജിറ്റൽ ട്രാക്കിങ് വരുന്നു

ഇനിമുതൽ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യുടെ പരിശോധന ബാച്ച് അടിസ്ഥാനത്തിൽ കർശനമായി നടത്തും. പുറത്തുനിന്ന് നെയ്യ് വാങ്ങിയാൽ നിർമാണ കേന്ദ്രം മുതൽ സന്നിധാനത്ത് എത്തിക്കുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും ഡിജിറ്റൽ ട്രാക്കിങ് ഏർപ്പെടുത്തും. ഇതിന് പുറമെ സപ്ലൈ ചെയിനിലെ ഡിജിറ്റൽ മൂവ്മെൻ്റ് രജിസ്റ്റർ ഉൾപ്പെടെ ഉറപ്പാക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയിൽ വഴിപാട് പ്രസാദങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News