Enter your Email Address to subscribe to our newsletters

Palakkad , 01 ഓഗസ്റ്റ് (H.S.)
മഴക്കലിയിൽ മുങ്ങുകയാണ് കേരളം. സംസ്ഥാനത്ത് ശക്തമായ മഴ തുടുരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ പാലക്കാടും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ മഴയിൽ പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീട് തകർന്നു വീണു. അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ ഏഴരയോടെയാണ് വീട് തകർന്നത്. ഷാഹുൽ ഹമീദിൻ്റെ മുൻഭാഗമാണ് പൂർണമായും തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ സ്കൂട്ടറും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നെല്ലിയാമ്പതി ഉൾപ്പെടെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം പൂർണമായി നിരോധിച്ചിട്ടുണ്ട്. മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളംകയറി. ആലത്തൂർ എടാംപറമ്പ് പാലത്തിലും വെള്ളക്കെട്ടുണ്ട്.
മംഗലം ഡാം തുറന്നു
പാലക്കാട് മംഗലം ഡാമിൻ്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റീമീറ്റർ തുറന്നു. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ഡാമിൻ്റെ സംഭരണ ശേഷി.
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ 20 ഷട്ടറുകളും തുറന്നിട്ടുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റീമീറ്റർ തുറന്നത്.
അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ് ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്പിൽവേ ഷട്ടറുകൾ 60 സെൻ്റീ മീറ്റർ വരെ ഉയർത്തുമെന്നും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിൻ്റെ താഴ്ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
ഇന്ന് കാസർകോട് മുതൽ എറണാകുളം വരെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. നഗരപ്രദേശങ്ങളിൽ പലയിടത്തും ഇതിനോടകം തന്നെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്.
മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരും പ്രത്യേകം ശ്രദ്ധിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR