Enter your Email Address to subscribe to our newsletters

Wayanad , 01 ഓഗസ്റ്റ് (H.S.)
മണ്ണിടിച്ചിൽ ഭീഷണിയിൽ കൽപ്പറ്റ ഓണിവയൽ. അനുമതിയില്ലാതെ കുന്നിടിച്ച് കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ താഴേക്ക് കുത്തിയൊലിക്കുന്നത് പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നു. അപകടസാധ്യതയെ തുടർന്ന് എട്ട് കുടുംബങ്ങളോട് ഉടൻ മാറിത്താമസിക്കാൻ റവന്യൂ അധികൃതർ നിർദ്ദേശം നൽകി.
കൽപ്പറ്റ നഗരസഭയിലെ ഓണിവയൽ പ്രദേശമാണ് ഇപ്പോൾ കടുത്ത ആശങ്കയിൽ കഴിയുന്നത്. നിർമ്മാണ പ്രവർത്തികൾക്കായി കുന്നിടിച്ച് കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ മൺകൂനയ്ക്ക് മുകളിൽ നിന്ന് മഴവെള്ളം ശക്തമായി ഒഴുകി താഴേക്കിറങ്ങുകയാണ്. താൽക്കാലികമായി ടാർപോളിൻ ഷീറ്റ് വിരിച്ച് മണ്ണ് മൂടിയിട്ടുണ്ടെങ്കിലും, ഏത് നിമിഷവും വലിയ മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. മൺകൂനയ്ക്ക് താഴെയായി നിരവധി വീടുകളുണ്ട്. നേരിട്ട് അപകട ഭീഷണിയുള്ള എട്ട് വീടുകളിലെ കുടുംബങ്ങളോട് ഉടൻ മാറിത്താമസിക്കാനാണ് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളും ആശങ്കയോടെയാണ് കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് പ്രദേശവാസികൾ കൽപ്പറ്റ വില്ലേജ് ഓഫീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തെങ്കിലും പിന്നീട് ജെസിബി ഉപയോഗിച്ച് വീണ്ടും മണ്ണ് നിരപ്പാക്കിയതായാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയുണ്ടാക്കിയ മൺകൂനയാണ് ഇപ്പോൾ വലിയ ദുരന്ത ഭീഷണിയിലേക്ക് പ്രദേശത്തെ തള്ളിവിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാറിത്താമസിക്കാൻ നിർദ്ദേശം ലഭിച്ച കുടുംബങ്ങൾ സ്വന്തം വീടും ഉപജീവന മാർഗവും ഉപേക്ഷിച്ച് എവിടേക്കാണ് പോകേണ്ടതെന്ന് ചോദിക്കുന്നു. അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് പ്രദേശം സുരക്ഷിതമാക്കാൻ സർക്കാർ ഇടപെടണമെന്നും നാട്ടുകാരുടെ ആവശ്യം.''വലിയ ഭീഷണിയിലാണ് ഞങ്ങള് താമസിക്കുന്നത്. മണ്ണ് ഇടിഞ്ഞ് വീടുകളിലേക്ക് എത്തുകയാണ്. യാതൊരു സുരക്ഷയുമില്ലാതെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലടക്കം പരാതി നൽകി. പത്ത് ഇരുപത് വീടുകള് ഏത് നിമിഷവും പോകും. പെട്ടന്ന് വന്ന് മാറിത്താമസിക്കണം എന്നാണ് പറയുന്നത്. എത്രയോ കാലം പറഞ്ഞതാണ് മണ്ണ് മാറ്റണമെന്ന്. അത് ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ട് നമ്മളോട് പറയുകയാണ് മാറി താമസിക്കാൻ,'' പ്രദേശവാസികള് പറയുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ റവന്യൂ വകുപ്പും ദുരന്തനിവാരണ അധികൃതരും നിരീക്ഷിച്ചുവരികയാണ്. ഒരു പ്രദേശത്തെയാകമാനം ഭീഷണിയിലാഴ്ത്തി മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഉടൻ തന്നെ മണ്ണ് മാറ്റിയില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഓണിവയൽ നിവാസികൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR