Enter your Email Address to subscribe to our newsletters

Pathanamthitta , 01 ഓഗസ്റ്റ് (H.S.)
നിർമാണ പ്രവർത്തനങ്ങൾ 50 ശതമാനം പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എങ്ങനെയാണ് നടത്തിയതെന്ന ചോദ്യവുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. പത്തനംതിട്ട ജനറല് ആശുപത്രിയുടെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും നിർമാണത്തിലുണ്ടായ അപാകതകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
കഴിഞ്ഞ 10 വർഷമായി ഇരു ആശുപത്രികളിലും നടന്ന മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പർച്ചേസിങ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ലക്ഷക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ശബരിമല തീർഥാടന കാലത്ത് ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയമാകേണ്ട ആശുപത്രിയിലാണ് ഇത്തരം വീഴ്ചകൾ സംഭവിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിർമാണത്തിലെ അപാകതകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. മുൻ സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി മാത്രമാണ് പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തതെന്ന വിമർശനവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി അന്വേഷണം പ്രഖ്യാപിച്ചത്.
സൗകര്യങ്ങൾ മെച്ചപ്പെടുത്തും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് വൈദ്യുതി തടസം ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി കെഎസ്ഇബി സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ശേഷി 1000 കെവിയായി ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ ഉടൻ തയാറാക്കും. കൂടാതെ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക സിടി സ്കാൻ മെഷീൻ വാങ്ങുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. നിലവിൽ സ്കാനിങ്ങിനായി രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. പുതിയ മെഷീൻ എത്തുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.
ആശുപത്രിയിലെ ഒപി ബ്ലോക്കിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30നുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. സിസിയു ബ്ലോക്കിൻ്റെ നിർമാണം ഡിസംബർ 31നുള്ളിൽ തീർക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക ആശങ്കകൾ വേഗത്തിൽ പരിഹരിക്കാനും യോഗത്തിൽ ധാരണയായി. ഇതിനൊപ്പം റിവേഴ്സ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ വികസനത്തിന് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി.
കോഴഞ്ചേരിയിലെ അപകടം അന്വേഷിക്കുംകോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം തികയുന്നതിന് മുൻപ് ഓക്സിജൻ പ്ലാൻ്റ് പൊട്ടിത്തെറിച്ച സംഭവത്തിലും വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത അബിൻ വർക്കി എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാൻ്റ് തകർന്നതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ആസ്ഥാനത്തെ ജനറല് ആശുപത്രിയെ 24 മണിക്കൂറും പൂർണസജ്ജമായി പ്രവർത്തിക്കുന്ന മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്നും എംഎൽഎ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR