Enter your Email Address to subscribe to our newsletters

Pathanamthitta , 01 ഓഗസ്റ്റ് (H.S.)
ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും. മഴ ശക്തമായ സാഹചര്യത്തില് ജനങ്ങള്ക്ക് ജാഗ്രതാ നിർദേശം നൽകി. ജില്ലയിലെ കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. പമ്പയാറും മണിമലയാറും കരകവിഞ്ഞു.
പമ്പാ നദി കരകവിഞ്ഞ് റാന്നി ടൗൺ വെള്ളത്തിലായി. തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തൂമ്പാക്കുളം ജങ്ഷനിൽ ചെളിയും മരങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. മഴ ശക്തമായതോടെ പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കനത്ത മഴയെത്തുടർന്ന് പമ്പാ നദി കരകവിഞ്ഞൊഴുകിയതോടെ റാന്നി ടൗണിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ റവന്യൂ, രക്ഷാസേന വിഭാഗങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഗതാഗതം തടസപ്പെട്ടു. റാന്നി ടൗണിലെ മാമുക്ക്, പുളിമുക്ക് പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇതോടെ റാന്നി നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.
നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആറന്മുളയിലേ താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. ഐക്കര ജങ്ഷൻ ഭാഗത്തും വെള്ളം കയറി. ആറന്മുള സത്രത്തിൽ കുടുങ്ങിയവരെ അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ അനന്ദിന്റെ നിർദേശപ്രകാരം ജില്ലാ പൊലീസ് ഓഫിസില് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങള്ക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള് അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർഥിക്കുന്നതിനുമായി 9497960963, 9497908045 എന്നീ മൊബൈല് നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങള് ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കണ്ട്രോള് റൂമുകള് ആരംഭിച്ചു
ജില്ലയിലെ കോന്നി, റാന്നി, ആറന്മുള, അടൂർ, തിരുവല്ല താലൂക്കുകളിലും കലക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. നിലവിൽ കോഴഞ്ചേരി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലും ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ജില്ലയിൽ വടശ്ശേരിക്കരയില് 24 മണിക്കൂറിനുള്ളിൽ 302 എംഎം മഴയാണ് ലഭിച്ചതെന്നും ളാഹയില് 260 എംഎം മഴ ലഭിച്ചെന്നും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന് ശേഖര് കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരുന്നതിനാല് പലരും സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR