Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം ഇനി മുതൽ പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന നയത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഇതിന് പകരമായി ക്ഷാമബത്തയും പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും കൃത്യമായ ഇടവേളകളിൽ അനുവദിക്കുന്ന രീതിയാകും സ്വീകരിക്കുക.
കമ്മിഷനെ പുനഃസംഘടിപ്പിക്കും
പുതിയ നയത്തിൻ്റെ ഭാഗമായി മുൻ ഇടതുമുന്നണി സർക്കാർ അധികാരമൊഴിയുന്നതിന് മുൻപ് നിയോഗിച്ച ശമ്പള പരിഷ്കരണ കമ്മിഷനെ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനായ കമ്മിഷനിലേക്ക് നിയമിക്കാവുന്ന പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കമ്മിഷൻ അധ്യക്ഷനായ വി.പി ജോയിയെ മാറ്റണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായാണ് ശമ്പള പരിഷ്കരണത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
സാമ്പത്തിക ബാധ്യതയും കുടിശികയും
ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനഘട്ടത്തിലാണ് 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കിയത്. 2021 ഏപ്രിലിലായിരുന്നു ഇത് പ്രാബല്യത്തിൽ വന്നത്. എന്നാൽ ഈ പരിഷ്കരണം സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു. തുടർന്ന് വന്ന രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വിതരണം താത്കാലികമായി നിർത്തിവയ്ക്കുകയും കുടിശിക കുത്തനെ വർധിക്കുകയും ചെയ്തു. ഇതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുടിശികയായിരുന്ന മുഴുവൻ ഡിഎയും അനുവദിച്ചത്. ഇതിൻ്റെ മുൻകാല പ്രാബല്യത്തുക നിലവിലെ സർക്കാരിൻ്റെ കാലത്ത് വിതരണം ചെയ്യുമെന്ന ഉത്തരവും മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഓണത്തിന് ഡിഎ കുടിശിക
കുടിശികയായ രണ്ട് ശതമാനം ഡിഎ ഓണത്തോടനുബന്ധിച്ച് അനുവദിക്കാനും ജനുവരി മുതൽ ലഭിക്കാനുള്ള കുടിശിക പ്രൊവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 35 ശതമാനം ഡിഎയാണ് ലഭിക്കുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണമെന്ന രീതിപ്രകാരം അടുത്ത പരിഷ്കരണം 2024ൽ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ പുതിയ നയം നിലവിൽ വന്നാൽ അടുത്ത ശമ്പള പരിഷ്കരണം 2029 ജൂലൈയിലായിരിക്കും നടപ്പിൽ വരിക. കേന്ദ്ര സർക്കാരും മറ്റ് പല സംസ്ഥാനങ്ങളും പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഇതേ മാതൃക കേരളത്തിലും കൊണ്ടുവരാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഖജനാവിനുണ്ടാകുന്ന വലിയ ബാധ്യത ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക അവസ്ഥയ്ക്ക് ഗുണം ചെയ്യും
പത്ത് വർഷത്തിലൊരിക്കൽ ശമ്പള വർധനയ്ക്ക് സർക്കാർ ആലോചനയുണ്ടെങ്കിൽ അത് സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ് ഇടിവി ഭാരതിനോട് വ്യക്തമാക്കി. അഞ്ച് വർഷത്തിലൊരിക്കൽ സർക്കാരിനുണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യത ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പത്ത് വർഷത്തിലൊരിക്കലാണ് പരിഷ്കരണം നടക്കുന്നത്. പുതിയ നയം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിൻ്റെ റവന്യു കമ്മിയിൽ സാരമായ കുറവ് വരുത്താനാകുമെന്നും അവർ അറിയിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR