സംസ്ഥാനത്ത് റെഡ് അലേർട്ട്: മഴക്കെടുതി നേരിടാൻ അടിയന്തര നടപടികളുമായി സർക്കാർ; മുഖ്യമന്ത്രി വി.ഡി. സതീശൻ സാഹചര്യം വിലയിരുത്തി
Thiruvananthapuram , 01 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും ഉടലെടുത്ത അടിയന്തര സാഹചര്യം നേരിടാൻ സമഗ്രമായ പ്രവർത്തനങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ മഴക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും മുഖ്യമ
സംസ്ഥാനത്ത് റെഡ് അലേർട്ട്: മഴക്കെടുതി നേരിടാൻ അടിയന്തര നടപടികളുമായി സർക്കാർ; മുഖ്യമന്ത്രി വി.ഡി. സതീശൻ സാഹചര്യം വിലയിരുത്തി


Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും ഉടലെടുത്ത അടിയന്തര സാഹചര്യം നേരിടാൻ സമഗ്രമായ പ്രവർത്തനങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ മഴക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് നേരിട്ട് വിലയിരുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും മുഖ്യമന്ത്രി സംസാരിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പല പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തതോടെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അവയുടെ പ്രവർത്തനം കൃത്യമായി ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്യും; സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രിക്ക്

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പ്രാദേശിക തലത്തിൽ ഊർജ്ജിതമാക്കുന്നതിനായി മുതിർന്ന നേതാക്കളെയും മന്ത്രിമാരെയും വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

-

തിരുവനന്തപുരം: സി.പി. ജോൺ

-

പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്

-

കോട്ടയം: മോൻസ് ജോസഫ്

-

ഇടുക്കി: അനൂപ് ജേക്കബ്

സംസ്ഥാന തലത്തിലുള്ള മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും അടിയന്തര ഏകോപനം റവന്യൂ മന്ത്രി നേരിട്ട് നിർവ്വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.

ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം

അതിതീവ്ര മഴയും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും നദീതീരങ്ങളിലുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിക്കും.

മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ തുടരുന്നു

അതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടു പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

കോസ്റ്റ് ഗാർഡിന്റെ പ്രത്യേക വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ മറൈൻ എൻഫോഴ്സ്മെന്റ് സംഘവും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി സജ്ജമാണ്.

പൊതുജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങളും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും, ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതരായിരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News