Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്നും കാസര്‍കോട് കലക്ട്രേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആശാലത ജീവനൊടുക്കിയത് അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാണിച്ചു.
ഭരണമാറ്റത്തെ തുടര്‍ന്ന് നടപ്പിലാക്കിയ നിര്‍ബന്ധ സെക്ഷന്‍ മാറ്റം സൃഷ്ടിച്ച മാനസിക സംഘര്‍ഷമാണ് ആശാലതയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് വിവരം. ഭരണത്തില്‍ അഴിഞ്ഞാടുന്ന ഭരണാനുകൂല സംഘടനകളുടെയും സര്‍ക്കാറിന്റെയും മനുഷ്യത്വ രഹിതമായ നടപടികള്‍ മൂലം ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാകുന്നത് അങ്ങേയറ്റം ഹീനമാണ്.
ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനാല്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ രോഗികളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം സീനിയര്‍ ഡോക്ടര്‍ കെ. വി. രാധാമണിയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസി.യുവില്‍ സന്ദര്‍ശിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ഇവരെ ഡ്യൂട്ടിക്കിടയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഭിന്നശേഷിക്കാരെയും വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളവരെയും ഭരണാനുകൂല സംഘടനയുടെ നിര്‍ദ്ദേശത്തില്‍ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. വീട്ടില്‍ ഗുരുതര രോഗികളുള്ളവരും പ്രത്യേക പരിചരണം വേണ്ടുന്ന കുട്ടികളുള്ള രക്ഷിതാക്കളെയും മാറ്റിയത് മന:സാക്ഷിയില്ലാത്ത നടപടിയാണ്. ഒരുതരത്തിലുള്ള മാനദണ്ഡവും പാലിക്കാതെ, രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ സിവില്‍ സര്‍വീസിന്റെ സുഗമമായ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സര്‍വീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇത്തരം നിലപാടുകള്‍ തിരുത്തണം.
താല്‍ക്കാലിക ജീവനക്കാരെയും പെരുവഴിയിലാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഡിജിറ്റല്‍ സര്‍വേക്കായി രാപ്പകലില്ലാതെ അധ്വാനിച്ച 2,800 ജീവനക്കാരെ ശമ്പള കുടിശ്ശിക പോലും നല്‍കാതെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ല. പി.എസ്.സി വഴി ജോലിയില്‍ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്ന അപഹാസ്യമായ നടപടിയും കേരളം കണ്ടു. ജീവനക്കാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും, അധിക്ഷേപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുഴുവനാളുകളും പ്രതിഷേധമുയര്‍ത്തണമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S