കെഎം ബഷീര് വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് രക്തം പുരണ്ട വസ്ത്രങ്ങള് ക്വാര്ട്ടേഴ്സിലേക്ക് മാറ്റി; നിര്ണായക മൊഴി
Thiruvanathapuram, 10 ഓഗസ്റ്റ് (H.S.) മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ നിര്‍ണായക മൊഴിയുമായി സാക്ഷികള്‍. ശ്രീറാമിന്റെ സുഹൃത്തുക്കള്‍
K M BASHEER DEATH CASE UPDATE


Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ നിര്‍ണായക മൊഴിയുമായി സാക്ഷികള്‍. ശ്രീറാമിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി.

അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്സിലാണ് കൊണ്ടുപോയി വച്ചത്. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് കേസിലെ പത്താം സാക്ഷിയായ ഡോ അനീഷ് രാജ് പറഞ്ഞു.

കവടിയാറിലെ ക്വാര്‍ട്ടേഴ്സില്‍ വച്ചിരുന്ന രക്തം പുരണ്ട ടി-ഷര്‍ട്ടും ജീന്‍സും പിന്നീട് പൊലീസിന് എടുത്തുനല്‍കിയത് ശ്രീറാമിന്റെ ഐഎഎസ് അക്കാദമിയിലെ സഹപാഠിയായിരുന്ന താനാണെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, അന്ന് പൊലീസിന് നല്‍കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓര്‍മയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നല്‍കിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍ തെളിവ് നശിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തെ കേസിലെ കോടതി രേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അപകടശേഷം ബഷീറിന്റെ ദേഹപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൃത്രിമത്വം കണ്ടെത്തിയത്. സിറാജ് പത്രത്തിലെ ജീവനക്കാരനായ സുല്‍ഫിക്കറിന്റെ ഒപ്പാണ് പ്രതിഭാഗം ചോദ്യം ചെയ്തത്. പ്രതിക്ക് നല്‍കിയ പകര്‍പ്പില്‍ സാക്ഷിയുടെ ഒപ്പ് ഉണ്ടായിരുന്നില്ല.

എന്നാല്‍ കോടതി രേഖകളില്‍ സാക്ഷിയുടെ ഒപ്പ് കാണപ്പെട്ടത് പ്രതിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. രേഖകളില്‍ കൃത്രിമത്വം വരുത്തി എന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. കോടതി രേഖകളില്‍ പൊലീസ് വരുത്തിയ ഈ തിരുത്ത് കേസ് ദുര്‍ബ്ബബലമാക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ. എം. ബഷീര്‍ കൊല്ലപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ് കോടതിയില്‍ ഹാജരായി. വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News