അഭിമന്യു വധക്കേസിലെ 16 പ്രതികളും നേരിട്ട് ഹാജരാകണം; ഉത്തരവിട്ട് കോടതി
Kochi, 10 ഓഗസ്റ്റ് (H.S.) മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളും ഹാജരാകണം. വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കര്‍ശന നിര്‍ദേശം. നല്‍കി. മാധ്യമങ്ങളുള്ളതിനാ
Abhimanyu


Kochi, 10 ഓഗസ്റ്റ് (H.S.)

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളും ഹാജരാകണം. വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കര്‍ശന നിര്‍ദേശം. നല്‍കി. മാധ്യമങ്ങളുള്ളതിനാല്‍ ഹാജരാകുന്നതില്‍ ഇളവ് തേടിയ പ്രതികളുടെ വാദം തള്ളിയാണ് കോടതി ഉത്തരവ്.

തുടര്‍ച്ചയായ രണ്ടാം തവണയും കോടതി നിര്‍ദേശം അവഗണിച്ച് പ്രതികള്‍ ഹാജരാകാതിരുന്നതോടെയാണ് കേസില്‍ ഉള്‍പ്പെട്ട 16 പേരും ഈ മാസം 13ന് നേരിട്ട് എത്താന്‍ കോടതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഒരാള്‍ പോലും ഹാജരാകാതിരുന്നതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിക്ക് പുറത്ത് മാധ്യമങ്ങള്‍ നില്‍ക്കുന്നുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രതിഭാഗം കോടതിയെ കാണിച്ചു. എന്നാല്‍ അങ്ങനെയെങ്കില്‍ വിചാരണ സമയത്ത് എന്ത് ചെയ്യുമെന്ന് ചോദിച്ച കോടതി പ്രതികളുടെ വാദം തള്ളുകയും ഇനി അവധി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് പ്രതികള്‍ കോടതിയില്‍ ഹാജരായതെന്ന് അഭിമന്യുവിന്റെ സഹോദരന്റെ അഭിഭാഷകന്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികള്‍ക്ക് ഇത്രയും ആനുകൂല്യം നല്‍കേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു. നാലു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി അന്തിമ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനായി ഇനി യാതൊരു കാരണവശാലും സമയപരിധി നീട്ടിനല്‍കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

13ന് പ്രതികള്‍ എത്തുമ്പോള്‍ അവര്‍ക്കെതിരെ പുതുതായി ചേര്‍ത്ത കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിക്കും. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍ എന്ന കുറ്റകൃത്യം കൂടി പ്രതികള്‍ക്കെതിരെ ചുമത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് പ്രകാരമുള്ള ഈ കുറ്റം കൂടി ചേര്‍ത്താകും ഇനി വിചാരണ നടക്കുക.

2018 ജൂലൈ രണ്ടിനാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. എറണാകുളം മഹാരാജാസ് കോളജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകരും നിരോധിത സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത്. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു ഇരുപതുകാരനായ അഭിമന്യു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള 16 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News