Enter your Email Address to subscribe to our newsletters

New delhi, 10 ഓഗസ്റ്റ് (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി സന്യാസിമാര്‍. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രതിഷേധിച്ചായിരുന്നു സന്യാസിമാരുടെ ശക്തമായ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം സന്യാസിമാരും പുരോഹിതരും ആചാര്യന്മാരും ഇന്ന് ഡല്‍ഹിയിലെ മാണ്ഡി ഹൗസിന് സമീപമുള്ള ബാരഖംബ റോഡില്‍ ഒത്തുകൂടി. നേപ്പാള്‍ എംബസിക്ക് സമീപം നടന്ന ഈ പ്രതിഷേധം വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഡല്‍ഹി പൊലീസ് നേരിട്ടത്.
സംഭാവന മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്ഷേത്ര ട്രസ്റ്റിലെ വമ്പന്‍ കള്ളന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇന്ദ്രപ്രസ്ഥ പീഠത്തിലെ ജഗദ്ഗുരു സ്വാമി രാമാനുജാചാര്യ, രാമക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്ന പ്രമുഖര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
'ക്ഷേത്രത്തിലെ സംഭാവനകള്‍ മോഷണം പോയതോടെ പൊതുസമൂഹം എല്ലാ ഹിന്ദു സന്യാസിമാരെയും സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത് സനാതന ധര്‍മ്മത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ത്തു. സാധാരണക്കാരായ ചെറിയ കള്ളന്മാരെ മാത്രമല്ല, ട്രസ്റ്റിനുള്ളില്‍ ഇരുന്നുകൊണ്ട് വിഹിതം കവര്‍ന്ന ഉന്നതരായ വലിയ കള്ളന്മാരെയാണ് ജയിലിലടക്കേണ്ടത്. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കരുത്,' ജഗദ്ഗുരു സ്വാമി രാമാനുജാചാര്യ ആക്രോശിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു സന്യാസിമാരുടെ പദ്ധതിയെങ്കിലും, പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ മാണ്ഡി ഹൗസിന് സമീപം പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. പൊലീസുമായി അനാവശ്യമായ സംഘര്‍ഷത്തിനില്ലെന്നും, തങ്ങളുടെ ശക്തമായ സന്ദേശം പ്രധാനമന്ത്രിക്ക് മുന്നില്‍ എത്തിക്കാന്‍ ഈ പ്രതിഷേധത്തിലൂടെ സാധിച്ചതായും സന്യാസിമാര്‍ പ്രതികരിച്ചു.
പാര്‍ലമെന്റില്‍ രാമക്ഷേത്ര അഴിമതിക്കെതിരെ മുന്‍പ് സമാനമായ രീതിയില്‍ പ്രതിഷേധിച്ച ലോക്‌സഭാ എം.പി പപ്പു യാദവും സന്യാസിമാര്‍ക്ക് നേരിട്ട് പിന്തുണയുമായി പ്രതിഷേധ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ക്ഷേത്ര ഭരണസമിതിയില്‍ നടന്ന ഈ സാമ്പത്തിക ക്രമക്കേട് രാജ്യത്തെ കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതാണെന്നും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലെ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഓഗസ്റ്റ് 17-ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഓഗസ്റ്റ് 17-ലേക്ക് മാറ്റിവച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഐക്യരാഷ്ട്രസഭയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ കേസ് മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S