കശുവണ്ടി കോര്പറേഷന് അഴിമതി: പ്രോസിക്യൂഷന് അനുമതി റദ്ദാക്കണമെന്ന് ഹൈക്കോടതിയില് ഹര്ജി നല്കി പ്രതികള്
Kochi, 10 ഓഗസ്റ്റ് (H.S.) കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജിയുമായി പ്രതികള്‍. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ.എ ര
kerala high court


Kochi, 10 ഓഗസ്റ്റ് (H.S.)

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജിയുമായി പ്രതികള്‍. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ.എ രതീഷും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവടക്കം റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ താന്‍ കക്ഷിയല്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും മുന്‍ ചെയര്‍മാന്‍ കൂടിയായ ചന്ദ്രശേഖരന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവുകള്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പരിശോധിക്കാന്‍ കഴിയില്ല. കോടതി ഉത്തരവ് പാലിച്ചോ എന്ന് മാത്രമാണ് ഇത്തരം ഹര്‍ജികളില്‍ പരിശോധിക്കാനാകുക. അതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കാന്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.

അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദ്യം ചെയ്യാന്‍ പ്രത്യേക നിയമനടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നത്. തങ്ങള്‍ക്ക് അനുകൂലമായിരുന്ന പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവുകള്‍ റദ്ദാക്കുന്നതിന് മുന്‍പ് നോട്ടിസ് നല്‍കിയില്ലെന്നും പ്രതികള്‍ ആരോപിക്കുന്നു. ഇരുവരുടെയും ഭാഗം കേള്‍ക്കാതെയാണ് പിന്നീട് പ്രോസിക്യൂഷന്‍ അനുമതി അംഗീകരിച്ചത്. അതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഏപ്രില്‍ 10, ജൂലൈ എട്ട്, ജൂലൈ 17 തീയതികളിലെ ഉത്തരവുകള്‍ റദ്ദാക്കണം. കൂടാതെ സിബിഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത് തടയണമെന്നും അപ്പീല്‍ തീര്‍പ്പാകുന്നതുവരെ സിബിഐയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. സംഭവത്തില്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ രതീഷ് എന്നിവരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ടാന്‍സാനിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര വിപണിയിലെ അന്നത്തെ നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് കശുവണ്ടി വാങ്ങിയത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി.

ടെന്‍ഡര്‍ നടപടികളില്‍ സുതാര്യത കുറവാണെന്നും സ്വകാര്യ ഏജന്‍സികളുമായി ഗൂഢാലോചന നടത്തി വഴിവിട്ട ലാഭം അവര്‍ക്ക് ഉറപ്പാക്കിയെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതിക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News