Enter your Email Address to subscribe to our newsletters

Newdelhi , 10 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേരള നിയമസഭ പാസാക്കിയ 2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സംരക്ഷണം നൽകുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അനുമതി നിഷേധിച്ചത്. മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്യാൻ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ (Wildlife Protection Act 1972) നിലവിൽ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്നും പുതിയൊരു ഭേദഗതിയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചത്.
ലോക്സഭയിൽ അടൂർ പ്രകാശ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിങ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. വന്യജീവി ആക്രമണങ്ങൾ തടയുക എന്നത് പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി മറുപടിയിൽ ചൂണ്ടിക്കാട്ടി. ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടാൻ 1972-ലെ നിയമത്തിലെ വകുപ്പുകൾ പ്രകാരം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് വിപുലമായ അധികാരമുണ്ട്. നിലവിലെ നിയമ വ്യവസ്ഥകൾ തന്നെ പര്യാപ്തമാണെന്നിരിക്കെ, കേരളം പാസാക്കിയ ഭേദഗതി ബില്ലിന് നിയമസാധുത നൽകാനോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്യാനോ കഴിയില്ലെന്ന കർശന നിലപാടിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.
കേരളത്തിൽ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമാവുകയും കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു. ഈയൊരു അടിയന്തര സാഹചര്യത്തിലാണ് 2025-ൽ സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. ജനവാസ മേഖലകളിൽ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളെ നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വെച്ച് പിടികൂടാനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൂടുതൽ അധികാരം നൽകുന്നതായിരുന്നു കേരളത്തിന്റെ ഈ ഭേദഗതി. നിലവിലെ കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലെയും (SOP) പ്രായോഗിക ബുദ്ധിമുട്ടുകളും കാലതാമസവും ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാനാണ് കേരളം പുതിയ ബിൽ കൊണ്ടുവന്നത്. ഒരു മൃഗത്തെ കൊല്ലണമെങ്കിൽ ക്യാമറ സ്ഥാപിച്ച് ദിവസങ്ങളോളം നിരീക്ഷിക്കണമെന്നതുൾപ്പെടെയുള്ള സങ്കീർണ്ണമായ നിബന്ധനകൾ ഒഴിവാക്കുകയായിരുന്നു ബില്ലിലൂടെ സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, വന്യജീവി സംരക്ഷണം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ (Concurrent List) ഉൾപ്പെടുന്ന വിഷയമായതിനാൽ സംസ്ഥാനം പാസാക്കുന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. ഇതിനായി കേരളം ബിൽ കേന്ദ്രത്തിന് അയച്ചുകൊടുത്തിരിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സംസ്ഥാന സർക്കാരിന്റെയും മലയോര ജനതയുടെയും പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടനടി കൊല്ലാമെന്ന കേരളത്തിന്റെ വ്യവസ്ഥയോട് കേന്ദ്രത്തിന് തീരെ യോജിപ്പില്ല. കേന്ദ്രത്തിന്റെ ഈ നിഷേധ നിലപാട് കേരളത്തിലെ മലയോര കർഷകരെയും വനാതിർത്തികളിൽ ഭീതിയോടെ ജീവിക്കുന്ന സാധാരണക്കാരെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടാനും കേരളത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താനും സംസ്ഥാന സർക്കാർ പുതിയ നിയമവഴികളോ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദങ്ങളോ തേടേണ്ടി വരും.
---------------
Hindusthan Samachar / Roshith K