ചേവായൂരിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയബന്ധിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
Kozhikode, 10 ഓഗസ്റ്റ് (H.S.) കോഴിക്കോട്/ചേവായൂർ: കോഴിക്കോട് കോർപ്പറേഷൻ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ചേവായൂർ മാലൂർകുന്ന് എ.ആർ. ക്യാമ്പ് റോഡിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് തീപിടിച്ചു. ട്രാൻസ്ഫോമറിൽ നിന്ന് എണ്ണ (ഓയിൽ) ചോർന്നതിനെ തുടർന്നാണ് പെട്ടെന്ന് അ
ചേവായൂരിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയബന്ധിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി


Kozhikode, 10 ഓഗസ്റ്റ് (H.S.)

കോഴിക്കോട്/ചേവായൂർ: കോഴിക്കോട് കോർപ്പറേഷൻ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ചേവായൂർ മാലൂർകുന്ന് എ.ആർ. ക്യാമ്പ് റോഡിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് തീപിടിച്ചു. ട്രാൻസ്ഫോമറിൽ നിന്ന് എണ്ണ (ഓയിൽ) ചോർന്നതിനെ തുടർന്നാണ് പെട്ടെന്ന് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

രാവിലെ ട്രാൻസ്ഫോമറിൽ നിന്ന് വലിയ ശബ്ദത്തോടെ പുക ഉയരുകയും ഓയിൽ ലീക്കായി തീയ പടരുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ടി. റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. വി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സ്ഥലത്തെത്തിയത്. ഫയർ എക്സ്റ്റിംഗ്യൂഷറുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ച് ഫയർഫോഴ്സ് ടീം സമയബന്ധിതമായി നടത്തിയ ഇടപെടലിൽ തീ വേഗത്തിൽ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളായ നിഖിൽ ശ്രീനിവാസൻ, ജമാലുദ്ദീൻ, ഇ. എ. അരുൺ, ഹോം ഗാർഡ് സത്യനാഥൻ എന്നിവരും സജീവമായി പങ്കാളികളായി. ജനവാസ മേഖലയും എ.ആർ. ക്യാമ്പ് റോഡ് പോലെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന തിരക്കേറിയ റോഡുമായതിനാൽ തീ സമീപത്തെ മറ്റ് കേബിളുകളിലേക്കോ കെട്ടിടങ്ങളിലേക്കോ പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. അഗ്നിരക്ഷാ സേനയുടെ വേഗത്തിലുള്ള ഇടപെടൽ വലിയൊരു അപകടസാധ്യതയാണ് ഒഴിവാക്കിയത്.

തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് താത്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. സംഭവമറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തകരാറിലായ ട്രാൻസ്ഫോമറിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു. പരിസരവാസികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയത്. അപകടത്തിൽ ആളപായമോ മറ്റ് വസ്തുവകകൾക്ക് വലിയ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ അടിയന്തര സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രദേശത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News