Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസിനെ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ക്രമക്കേടുകളിലും ഫണ്ട് തട്ടിപ്പിലും നേതൃത്വത്തിനെതിരെ കടുത്ത അമർഷവുമായി മുതിർന്ന നേതാവ് വി. മുരളീധരനും അനുകൂലികളും. ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ എസ്. സുരേഷിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കണമെന്ന് വി. മുരളീധരൻ തുറന്നടിച്ചു.
പാർട്ടിക്ക് കടുത്ത അപമാനമുണ്ടാക്കിയ സാമ്പത്തിക തട്ടിപ്പിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നാണ് കോർ കമ്മിറ്റിയിൽ വി. മുരളീധരൻ പക്ഷം നിലപാടെടുത്തത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ പാർട്ടിയുടെ വിവിധ ചുമതലകളിൽ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. അതിനാൽ തന്നെ ഉണ്ടായ സാമ്പത്തിക ക്രമക്കേടുകളുടെയും തട്ടിപ്പുകളുടെയും പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാൻ നേതൃത്വത്തിനോ ജനറൽ സെക്രട്ടറിക്കോ കഴിയില്ലെന്ന് വി. മുരളീധരൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന ഓഫീസിലെ പ്രധാന ചുമതലക്കാരും ജീവനക്കാരും ഉൾപ്പെട്ട ഫണ്ട് വെട്ടിപ്പ് പാർട്ടിയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പാർട്ടി നേരിടുന്ന കടുത്ത പരീക്ഷണഘട്ടത്തിൽ, തെറ്റ് ചെയ്തവർക്കെതിരെയും അവർക്ക് സംരക്ഷണം ഒരുക്കിയവർക്കെതിരെയും മാതൃകാപരമായ നടപടി വേണമെന്നാണ് മുരളീധരൻ വിഭാഗത്തിന്റെ ആവശ്യം. എസ്. സുരേഷിനെ സ്ഥാനത്തുനിന്ന് മാറ്റാതെ പാർട്ടിയിലെ അച്ചടക്കവും വിശ്വാസ്യതയും വീണ്ടെടുക്കാൻ കഴിയില്ലെന്ന് യോഗത്തിൽ വാദമുയർന്നു.
എന്നാൽ, ആരോപണങ്ങളിൽ തങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നും പാർട്ടി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചില മുതിർന്ന നേതാക്കൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, കൃത്യമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന കർശന നിലപാടിലായിരുന്നു വി. മുരളീധരൻ.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പിയിലെ ഗ്രൂപ്പ് പോരും ഗ്രൂപ്പ് വഴക്കുകളും കൂടുതൽ രൂക്ഷമാകുന്നത് കേന്ദ്ര നേതൃത്വത്തിനും വലിയ തലവേദനയായിട്ടുണ്ട്. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും വി. മുരളീധരൻ പക്ഷം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റങ്ങളോ നടപടികളോ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K