Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. വിഴിഞ്ഞം പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവരുടെ വീടുകളിലാണ് മന്ത്രി എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, കാണാതായവരെ കണ്ടെത്തുമെന്നും പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും സർക്കാർ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുമെന്നും അറിയിച്ചു. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും ആഭ്യന്തര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുതലപ്പൊഴിയിലെ സ്ഥിരം അപകടം നടക്കുന്ന സ്ഥലവും മന്ത്രിമാർ സന്ദർശിച്ചു.
മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിലും പ്രയാസങ്ങളിലും സർക്കാർ അവരോടൊപ്പമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തിൽപ്പെടുന്ന ഘട്ടത്തിൽ ഏറ്റവും അടിയന്തരമായി തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുകയാണ് പ്രധാനം. മുതലപ്പൊഴിയിൽ ആവർത്തിക്കുന്ന ബോട്ടപകടങ്ങൾ ഗൗരവമായി കാണുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിച്ചുവരികയാണ്. അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം അപകടങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്ന ദീർഘകാല നടപടികൾക്കും സർക്കാർ പ്രാധാന്യം നൽകും.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഭവനനിർമാണം, മണ്ണെണ്ണ സബ്സിഡി, കടലിൽ പോകുന്ന സമയത്തെ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. തീരദേശ മേഖലയുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ സർക്കാർ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐ.എൻ.എസ്. കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിനായി കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്.
കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സാഹചര്യത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. എം.എൽ.എമാരായ രമ്യ ഹരിദാസ്, എം. വിൻസെന്റ് എന്നിവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S