Enter your Email Address to subscribe to our newsletters

ranchi , 10 ഓഗസ്റ്റ് (H.S.)
റാൻചി: ജാർഖണ്ഡിലെ സർക്കാർ ജോലി പരീക്ഷകളിലെ ക്രമക്കേടുകൾക്കും തൊഴിൽ തട്ടിപ്പിനുമെതിരെ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും നടത്തുന്ന പ്രതിഷേധം ശക്തമായ സംഘർഷത്തിൽ കലാശിച്ചു. റാഞ്ചിയിലെ നിയമസഭയിലേക്ക് പരീക്ഷാർത്ഥികൾ നടത്തിയ 'വിധാൻ സഭ ഗെരാവോ' മാർച്ചിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ വൻ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ മറികടന്ന് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
നിയമസഭാ മാർച്ച് സംഘർഷഭരിതം
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) എന്നിവയുടെ പരീക്ഷകളിൽ നടന്ന വ്യാപകമായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് തെരുവിലിറങ്ങിയത്. ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച സമരം പഴയ നിയമസഭാ മന്ദിരത്തിന് സമീപം സംഘടിച്ച് പുതിയ നിയമസഭയിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
സമരക്കാർ സമാധാനപരമായി നീങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, പോലീസ് സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചിലർ ചെരിപ്പുകളും മറ്റും എറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഉണ്ടായ നെട്ടോട്ടത്തിലും പോലീസിന്റെ ലാത്തിച്ചാർജ്ജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്ഥലത്ത് തല്ലുമാലയും ഭീതിജനകമായ അന്തരീക്ഷവും ഉടലെടുത്തു.
സർക്കാരിന്റെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ
നേരത്തെ, ഞായറാഴ്ച സർക്കാരും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നിരുന്നു. ഉദ്യോഗാർത്ഥികളുടെ 98 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെട്ടു. 14-ാമത് ജെപിഎസ്സി പരീക്ഷയും, മുൻകാലങ്ങളിലെ പരീക്ഷകളും റദ്ദാക്കാൻ തയ്യാറാണെന്നും ക്രമക്കേടുകളെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ വാഗ്ദാനങ്ങൾ ഉദ്യോഗാർത്ഥികൾ പൂർണ്ണമായി തള്ളി. പ്രശ്നത്തിൽ സ്വതന്ത്രവും സുതാര്യവുമായ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ (CBI) അന്വേഷണം തന്നെ വേണമെന്ന് അവർ ശക്തമായി ആവശ്യപ്പെടുന്നു. ജെഎസ്എസ്സി-സിജിഎൽ (JSSC-CGL) പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്നും, അതിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രാഥമിക ആവശ്യം. മുൻകാലങ്ങളിൽ സിഐഡി അന്വേഷണങ്ങൾ വഴി വിവരങ്ങൾ മൂടിവെക്കാൻ ശ്രമമുണ്ടായിട്ടുണ്ടെന്നും അതിനാൽ സിഐഡി അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വിദ്യാർത്ഥി നേതാക്കൾ കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രക്ഷോഭവും നേതാക്കളുടെ അറസ്റ്റും
വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറ് വർഷത്തിനിടെ പരീക്ഷകളിൽ നടന്ന വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടുകളും യുവാക്കളുടെ ഭാവി തകർക്കുകയാണെന്ന് മറാണ്ടി ആരോപിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകൻ ദേവേന്ദ്ര നാഥ് മഹ്തോയും മറ്റ് പ്രാദേശിക സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. സമരം സമാധാനപരമായിരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും, സർക്കാർ ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണെന്ന് ആരോപിച്ചു.
നിലവിൽ റാഞ്ചിയിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K