Enter your Email Address to subscribe to our newsletters

New delhi, 10 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന ബില്‍ ഇന്ന് ലോക്സഭയില് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അമിത് ഷാ ഇന്ന് സഭയിലെത്തുമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കേണ്ടതുണ്ട്. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ 'ഗവണ്‍മെന്റ് ഓഫ് കേരളം' എന്നാകും ഔദ്യോഗികമായി രേഖപ്പെടുത്തുക.
മലയാളത്തില്‍ 'കേരളം സര്‍ക്കാര്‍' എന്നായിരിക്കും അറിയപ്പെടുക. സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളില്‍ ഉള്‍പ്പെടെ ഈ മാറ്റം പ്രതിഫലിക്കും. ഭരണ, പ്രതിപക്ഷ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എല്ലാ അംഗങ്ങളും പാര്‍ലമെന്റില്‍ ഈ മാറ്റത്തെ സ്വാഗതം ചെയ്യും. കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റത്തിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയത്. ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വൈകാതെ തന്നെ പുതിയ പേര് ഔദ്യോഗികമായി നിലവില്‍ വരും.
സിജെപി പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിക്ക് ശേഷം അമിത് ഷാ ഇതുവരെ സഭയില്‍ എത്തിയിരുന്നില്ല. പൊലീസ് നടപടിയില്‍ അദ്ദേഹം മറുപടി പറയണമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന് രാജ്യസഭാ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇന്ന് സഭയില്‍ എത്തിയാലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായേക്കില്ലെന്നാണ് സൂചന.
നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഭേദഗതി ബില്ലും ഇന്ന് അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കും. ഇതിനുപുറമെ, വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുന്‍പായി എഫ്.സി.ആര്‍.എ (വിദേശ സഹായ നിയന്ത്രണ നിയമം) ഭേദഗതി ബില്ലും സഭയില്‍ എത്തും. ബഹളത്തില്‍ പാസാക്കിയെടുക്കുന്ന പതിവ് രീതിക്ക് വിടാതെ, ഭേദഗതികളെ എതിര്‍ത്ത് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് സഖ്യകക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം നിലവില്‍ സര്‍ക്കാരിനുണ്ട്. ബില്‍ പ്രതികൂലമാകില്ലെന്ന ഉറപ്പ് സിബിസിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത് ഷാ നേരത്തെ നല്‍കിയിരുന്നു. എഫ്.സി.ആര്‍.എ നിയമത്തിലെ ഭേദഗതികള്‍ സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് പ്രതിപക്ഷം ആശങ്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
---------------
Hindusthan Samachar / Sreejith S