Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഈ തുക കുടുംബശ്രീക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുരന്തബാധിതര്‍ക്കായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ പ്രകാരം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നല്‍കുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോള്‍ കുടുംബശ്രീക്ക് കൈമാറുന്നത്.
ടൗണ്‍ഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തില്‍ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തില്‍ സമഗ്രമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
---------------
Hindusthan Samachar / Sreejith S