Enter your Email Address to subscribe to our newsletters

Mumbai, 10 ഓഗസ്റ്റ് (H.S.)
ബോളിവുഡ് സംവിധായകന്‍ ഷക്കീല്‍ നൂറാനിയെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. മാല്‍വാനി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. . ഒരു നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള മേധയിലെ ഫാം ഹൗസില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പുതിയ സിനിമയെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഷക്കീല്‍ നൂറാനി നടിയെ തന്റെ മാല്‍വാനിയിലുള്ള വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. നടിയെ മയക്കുമരുന്ന് അടങ്ങിയ പാനീയം നല്‍കി അബോധാവസ്ഥയിലാക്കുകയും അവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം പോലീസിനെയോ വീട്ടുകാരെയോ അറിയിക്കരുതെന്ന് ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി പരാതിയില്‍ പറഞ്ഞു.
നടിയും സംവിധായകനും തമ്മിലുള്ള 2016-ല്‍ ലോഖണ്ഡവാലയില്‍ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍വെച്ചാണ് പരിചയപ്പെടുന്നത്. അന്ന് തന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് ഷക്കീല്‍ നൂറാനി നടിയെ സമീപിച്ചത്. തിരക്കഥ വായിക്കാനായി അദ്ദേഹത്തിന്റെ മാല്‍വാനിയിലെ വീട്ടിലെത്തിയപ്പോള്‍ അവിടെവെച്ച് നടിയ്ക്ക് നല്‍കിയ ഒരു ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹം നടിക്ക് തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നതായും പരാതിയിലുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്.) 64(2)(എം), 123, 351(2), 88 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനും മറ്റു സ്ഥലങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോലീസ് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ബോറിവിലി ഹോളിഡേ കോടതി ഷക്കീല്‍ നൂറാനിയെ ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ഷക്കീല്‍ നൂറാനിയെ ഈ കേസില്‍ മനഃപൂര്‍വം കുടുക്കിയതാണെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകനായ വികാസ് സിങ് ഗോര്‍ വാദിച്ചു. കോടതിയില്‍ കുറ്റം തെളിയുന്നതുവരെ ആരോപണവിധേയന്‍ നിരപരാധിയാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനത്തെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട നടി ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം തേടിയാണ് 2026-ല്‍ വീണ്ടും മുംബൈയില്‍ തിരിച്ചെത്തിയത്. 'ബഡേ ദില്‍ വാലാ' (1999), 'ജോരു കാ ഗുലാം' (2000) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രതി.
---------------
Hindusthan Samachar / Sreejith S