Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച ബിജെപി ബൗദ്ധിക വിഭാഗം മുന്‍ കണ്‍വീനര്‍ ടി.ജി.മോഹന്ദാസിനെ ഇന്ന് കോടതിയില് ഹാജരാക്കും. ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇദ്ദേഹത്തെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ നാല് ഗുരുതര കുറ്റങ്ങളാണ് മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.
പത്രിക എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി മോഹന്‍ദാസ് വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്ദിറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കിലൂടെ മൂന്ന് തവണ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. വെടിവയ്പില്‍ ആളുകള്‍ ചിതറിയോടുമെന്നും കുറേ പേര്‍ മരിക്കുമെന്നും ചിലര്‍ക്ക് അംഗഭംഗം സംഭവിക്കുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കുമെന്നും ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നുമുള്ള ക്രൂരമായ പരാമര്‍ശങ്ങളാണ് മോഹന്‍ദാസ് നടത്തിയത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോനാണ് പൊലീസില്‍ ആദ്യ പരാതി നല്‍കിയത്. ഇതിന് പിന്നാലെ എസ്എഫ്‌ഐ ഉള്‍പ്പെടെ നിരവധി സംഘടനകളും വ്യക്തികളും പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് സൈബര്‍ സെല്‍ ഓപ്പറേഷന്‍സ് ഐജിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണം ആരംഭിച്ച് മൂന്നാം ദിവസമായ ജൂലൈ 29നാണ് കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തത്.
ടി.ജി മോഹന്‍ദാസിന്റെ വിദ്വേഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് ഇന്ന് കത്ത് നല്‍കും. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. നിലവില്‍ പ്രതിയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാജ്യതലസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന ഈ കൊലവിളി ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S