Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
ബിജെപി സഹയാത്രകന്‍ ടി.ജി.മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കസ്റ്റഡി അപേക്ഷപോലും സമര്‍പിക്കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്ന് മോഹന്‍ദാസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കോടതിയില്‍ ഉന്നയിച്ചു. ജൂലൈ 27നാണ് പരാതി ലഭിച്ചത്. ഓഗസ്റ്റ് 9നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പൊലീസ് നോട്ടിസ് നല്‍കിയില്ല. പൊലീസ് അറിയിച്ചിരുന്നെങ്കില്‍ യുട്യൂബില്‍നിന്ന് വിഡിയോ നീക്കം ചെയ്യുമായിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റിനു മുന്‍പ് പ്രതിക്ക് നോട്ടിസ് നല്‍കാത്തതെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നോട്ടിസ് കൊടുത്താല്‍ പ്രതി ഒളിവില്‍പോകുമായിരുന്നു എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിലാണ് ടി.ജി.മോഹന്‍ദാസിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സൈബര്‍ പൊലീസ് സംഘം മട്ടാഞ്ചേരി ചെറളായിയിലെ വീട്ടില്‍നിന്നാണു ഇന്നലെ മോഹന്‍ദാസിനെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ നൗഷാദിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.
സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ താനായിരുന്നെങ്കില്‍ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹന്‍ദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസ് കേസെടുത്തത്. ' ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും'- മോഹന്‍ദാസ് പറഞ്ഞതിങ്ങനെ. ഇതിനു പിന്നാലെയാണ് മറ്റൊരു വിവാദ പ്രസ്താവനയും ഉണ്ടായത്. 'അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്'-എന്നായിരുന്നു മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന.
---------------
Hindusthan Samachar / Sreejith S