സൈബർ പൊലീസിന്റെ വീഴ്ചയിൽ ടി.ജി. മോഹൻദാസിന് ജാമ്യം; ജന്തർമന്തർ സമരക്കാരെ അധിക്ഷേപിച്ച കേസിൽ തിരിച്ചടിയായി നടപടിക്രമ ലംഘനം
Thiruvananthapuram, 10 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: ഡൽഹിയിലെ ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികനും നിരീക്ഷകനുമായ ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്
സൈബർ പൊലീസിന്റെ വീഴ്ചയിൽ ടി.ജി. മോഹൻദാസിന് ജാമ്യം; ജന്തർമന്തർ സമരക്കാരെ അധിക്ഷേപിച്ച കേസിൽ തിരിച്ചടിയായി നടപടിക്രമ ലംഘനം


Thiruvananthapuram, 10 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: ഡൽഹിയിലെ ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികനും നിരീക്ഷകനുമായ ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ ലംഘനമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതിക്ക് ആദ്യം നോട്ടീസ് നൽകണമെന്ന സുപ്രീം കോടതിയുടെ നിർബന്ധിത നിർദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

തുടർച്ചയായ അടുത്ത മൂന്നു ദിവസങ്ങളിൽ രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന കർശന ഉപാധികളോടെയാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

പൊലീസിന് നോട്ടീസിൽ വീഴ്ച; കോടതി വിമർശനം

വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും തുടർ നടപടികളൊന്നും സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധവും രാഷ്ട്രീയ വിമർശനവും ഉയർന്നു.

പ്രതിഷേധം ശക്തമായതോടെയാണ് ഞായറാഴ്ച കൊച്ചിയിലെ വീട്ടിലെത്തി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘത്തിന്റെ വലിയ വീഴ്ച തുറന്നുകാട്ടപ്പെട്ടു.

എന്തുകൊണ്ട് മുൻകൂട്ടി നോട്ടീസ് നൽകിയില്ല എന്നതിന്, നോട്ടീസ് അയച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ട് എന്ന ന്യായീകരണമാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചത്. എന്നാൽ, ഈ വാദം തള്ളിയ കോടതി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമ ലംഘനം ബോധപൂർവ്വമാണെന്ന് വ്യക്തമാക്കുകയും പ്രതിക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു.

ആഭ്യന്തര വകുപ്പിന് തിരിച്ചടി

സുപ്രീം കോടതിയുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെ, അത് പാലിക്കാതെ ധൃതിപിടിച്ച് നടത്തിയ അറസ്റ്റ് നടപടി പ്രഹസനമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കേസെടുത്ത് ദിവസങ്ങളോളം അനങ്ങാതിരുന്ന പൊലീസ്, പ്രതിഷേധം ഭയന്ന് അറസ്റ്റ് നാടകം നടത്തുകയും പിന്നീട് നിയമപരമായ നോട്ടീസ് പോലും നൽകാതെ കോടതിയിൽ തിരിച്ചടി നേരിടുകയും ചെയ്തത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

പ്രതിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ പൊലീസ് ബോധപൂർവ്വം വഴിമരുന്നിട്ടതാണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിന്റെ തുടർനടപടികൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് അന്വേഷണ സംഘം.

---------------

Hindusthan Samachar / Roshith K


Latest News