Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ സൈബര്‍ പോലീസ് അറസ്റ്റുചെയ്ത ടി.ജി. മോഹന്ദാസിനെ കോടതിയില് ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് ഹാജരാക്കിയത്.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യണം എന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
കോടതി പരിസരത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാര്‍ പ്രതിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും, നടപടിയെടുത്ത കേരളാ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചിയില്‍നിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.
തിരുവനന്തപുരത്തുനിന്നുള്ള സൈബര് സെല് ഇന്‌സ്‌പെക്ടര് നൗഷാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി മോഹന്ദാസിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില് ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പും മൊബൈല് ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സമൂഹത്തില് കലാപമുണ്ടാക്കാന് ശ്രമിച്ചു എന്നത് ഉള്‌പ്പെടെ നാല് ഗുരുതര കുറ്റങ്ങളാണ് മോഹന്ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള് പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പൊതുസമൂഹത്തില് ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്ശം നടത്തിയതെന്ന് എഫ്.ഐ.ആറില് വ്യക്തമാക്കുന്നുണ്ട്.
പത്രിക എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി മോഹന്ദാസ് വിവാദ പരാമര്ശം നടത്തിയത്. ഡല്ഹിയില് പ്രതിഷേധിക്കുന്ന വിദ്യാര്ഥികളെ നേരിടാന് തനിക്ക് അവസരം ലഭിക്കുകയാണെങ്കില് ജന്തര് മന്ദിറില് നാല് കിലോമീറ്റര് ചുറ്റളവില് കര്ഫ്യൂ പ്രഖ്യാപിക്കുമെന്നും വിദ്യാര്ഥികള്ക്ക് നേരെ വെടിയുതിര്ക്കുമെന്നും ഇയാള് പറഞ്ഞിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന് മൈക്കിലൂടെ മൂന്ന് തവണ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കുമെന്നാണ് വീഡിയോയില് പറയുന്നത്. വെടിവയ്പില് ആളുകള് ചിതറിയോടുമെന്നും കുറേ പേര് മരിക്കുമെന്നും ചിലര്ക്ക് അംഗഭംഗം സംഭവിക്കുമെന്നും ഇയാള് കൂട്ടിച്ചേര്ത്തു. ഏകദേശം നാല് മണിക്കൂര് കൊണ്ട് രംഗം ശാന്തമാക്കുമെന്നും ശവങ്ങളെ പെറുക്കി ആശുപത്രിയില് എത്തിക്കുമെന്നുമുള്ള ക്രൂരമായ പരാമര്ശങ്ങളാണ് മോഹന്ദാസ് നടത്തിയത്.
സി.ജെ.പി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയായിരുന്നു വിദ്വേഷ പരാമര്‍ശം. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് പോലീസ് നടപടിയെടുത്തത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ താനായിരുന്നുവെങ്കില്‍ വെടിവച്ച് കൊല്ലുമെന്നായിരുന്നു മോഹന്‍ദാസ് വീഡിയോയില്‍ പറഞ്ഞത്. ''അവിടെ കൂട്ട ബലാത്സംഗം നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുണ്ട്'' എന്നിങ്ങനെ അധിക്ഷേപവും നടത്തി.
---------------
Hindusthan Samachar / Sreejith S