സീനിയർ ക്ലർക്ക് ആശാലത ആത്മഹത്യ ചെയ്ത സംഭവത്തിൽ ശബ്ദസന്ദേശം പുറത്ത്.
Kasaragod , 11 ഓഗസ്റ്റ് (H.S.) സീനിയർ ക്ലർക്ക് ആശാലത ആത്മഹത്യ ചെയ്ത സംഭവത്തിൽ ശബ്ദസന്ദേശം പുറത്ത്. ആശാലത കടുത്ത മാനസിക വിഷമം വിവരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തിൽ പരാതിയുമായി കുടുംബവും രംഗത്ത് എത്തി. നിർബന്ധിത സ്ഥലം മാറ്റത്തിന് ശേഷം
CLERK ASHALATHA SUICIDE


Kasaragod , 11 ഓഗസ്റ്റ് (H.S.)

സീനിയർ ക്ലർക്ക് ആശാലത ആത്മഹത്യ ചെയ്ത സംഭവത്തിൽ ശബ്ദസന്ദേശം പുറത്ത്. ആശാലത കടുത്ത മാനസിക വിഷമം വിവരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തിൽ പരാതിയുമായി കുടുംബവും രംഗത്ത് എത്തി. നിർബന്ധിത സ്ഥലം മാറ്റത്തിന് ശേഷം ആശാലത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബവും ഭർത്താവ് അജയനും സഹോദരൻ വിജയ കുമാറും പറഞ്ഞു.

റവന്യൂ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആശാലതയെ മൂന്ന് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. സ്ഥലം മാറ്റത്തിൽ ആശാലത കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു എന്ന് കുടുംബം പറയുന്നു. ഭരണമാറ്റത്തിന് ശേഷം ഓഫിസിലെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയെന്നും ആരോപണം ഉയരുന്നു. അതിനിടെ 'നിനക്കുള്ള മറുപടി എന്റെ നിശബ്ദതയാണെന്ന' ആശാലതയുടെ സ്റ്റാറ്റസ് കണ്ട് ആര്ക്കാണന്ന് സഹപ്രവര്ത്തകർ ചോദിച്ചപ്പോള് 'സൊസൈറ്റി' എന്നാണ് ആശലത മറുപടി കൊടുത്തത്.

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായ ആശലതയുടെ സ്ഥലം മാറ്റം രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. അതേസമയം സ്ഥലം മാറ്റത്തിന് പിന്നാലെ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ചതിലും പ്രതിഷേധം ശക്തമാകുകയാണ്. ഒരു മണിക്കൂർ ജോലി ബഹിഷ്കരിച്ചായിരുന്നു കേരള എൻജിഒ യൂണിയൻ പ്രതിഷേധം നടത്തിയത്. അതിനിടെ കലക്ട്രേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ ഇന്നലെ തന്നെ ജില്ലാ കലക്ർ അര്ജുന് പാണ്ഡ്യന് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ച മരണത്തിന് കീഴടങ്ങി.

ഓഫിസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല് കര്ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു. വിദ്യാനഗര് പൊലീസ് നടത്തുന്ന അന്വേഷണത്തിനു പുറമേയാണിത്. ആഗസ്റ്റ് 7ന് രാവിലെ 10 മണിയോടെ മൂന്ന് പാക്കറ്റ് എലിവിഷം ഐസ് ക്രീമില് കലര്ത്തി കഴിച്ചത് എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് കഴിക്കാനുള്ള കാരണം ഞാന് വീട്ടിലും ഓഫിസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലും അത് മൂലമുള്ള മെൻ്റല് സ്ട്രെസ് കാരണം കുറച്ച് ദിവസമായി മാനസികമായി തകര്ന്ന നിലയിലാണ്. എനിക്ക് ആര്ക്കെതിരെയും പരാതിയില്ല, ഞാന് സ്വന്തം ഇഷ്ടപ്രകാരം മരിക്കാന് തീരുമാനിച്ചാണ് ഇത് ചെയ്തതാണെന്നാണ് ആശാലത വിദ്യാനഗര് പൊലീസിന് നൽകിയ മൊഴിയില് പറയുന്നത്.

ഓഗസ്റ്റ് ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയില് വെച്ച് വിദ്യാനഗര് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് വച്ചാണ് ആശാലത മരിച്ചത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്ടറേറ്റില് തന്നെയുള്ള എന്ഡോസള്ഫാന് സ്പെഷ്യല് സെല്ലില് പ്രവര്ത്തിച്ചുവരുന്നത്. എന്ഡോസള്ഫാന് സ്പെഷ്യല് സെല്ലിലും മികച്ച രീതിയിലാണ് അവര് സേവനം നടത്തിയിരുന്നതെന്നാണ് സ്പെഷ്യല് സെല് ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News