Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഓഗസ്റ്റ് (H.S.)
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നു. ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷിന് മേൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.
കോർ കമ്മറ്റിയിൽ അഡ്വ.എസ്.സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും, നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്നുറപ്പാണ്. എന്നാൽ പൊതു സമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അതു പരാജയപ്പെടും.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാൽ വീണ്ടും വീണ്ടും, നടക്കാത്ത ചർച്ചകൾ നടന്നു എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ തുടരുന്നത് മാധ്യമ ധർമ്മമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, നൂറ്റാണ്ടിലധികമായി സമൂഹത്തിൽ വിശ്വാസ്യത നേടിയ മാധ്യമങ്ങൾ പോലും വസ്തുതയുടെ ഒരു ശതമാനം പോലുമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണ്.
രാജ്യത്തെയും സമൂഹത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതര വിഷയങ്ങളിൽ മൗനം പാലിക്കുന്നവർ, രാജ്യവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നവർ, ‘വന്ദേമാതരം’ പാടുന്നതിൽ പോലും മടിക്കുന്ന സർക്കാരിനെതിരെ മിണ്ടാട്ടം മുട്ടുന്നവർ—അതേസമയം ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളിൽ കാണിക്കുന്ന ഈ അമിതമായ താൽപര്യവും ശുഷ്കാന്തിയും നല്ലതല്ല.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ആ ഉത്തരവാദിത്വം വസ്തുതകളോടും സമൂഹത്തോടും പുലർത്തേണ്ടതുണ്ട്. യഥാർത്ഥത്തിൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകാതെ, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് അമിത പ്രാധാന്യം നൽകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ മാത്രമല്ല, സമൂഹത്തെയും ദോഷകരമായി ബാധിക്കും.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് വളരെ ലളിതമാണ്:
വാർത്തയ്ക്ക് മുമ്പ് വസ്തുത പരിശോധിക്കുക. വിവാദത്തിന് മുമ്പ് സത്യം അന്വേഷിക്കുക. രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുകളിൽ മാധ്യമ ധർമ്മത്തെ ഉയർത്തിപ്പിടിക്കണം.
മാധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല; ജനാധിപത്യത്തെ വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR