Enter your Email Address to subscribe to our newsletters

Kozhikode , 11 ഓഗസ്റ്റ് (H.S.)
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയാണ് ബാങ്ക് കൈമാറിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സഹകരണ സംഘം പൊതുമേഖലാ സ്ഥാപനത്തിന് ബസ് വാങ്ങിക്കൊടുക്കുന്നത്. സംഘത്തിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപയുടെ ചെക്ക് ഗതാഗത മന്ത്രി സി പി ജോൺ ഏറ്റുവാങ്ങി.
അതേ സമയം പണം കൈമാറിയതോടൊപ്പം ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ഒരു പ്രത്യേക അഭ്യർഥനയും ബാങ്ക് മുന്നോട്ടുവെച്ചു. കോഴിക്കോട്ടുനിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് സർവീസ് നടത്തണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ഈ റൂട്ടിൽ നേരിട്ട് സർവീസുകൾ ലഭ്യമല്ല. സംഘം ഡയറക്ടറും എംവിആർ കാൻസർ സെൻ്റർ ചെയർമാനുമായ സി എൻ വിജയകഷ്ണൻ പാലക്കാട് നെന്മാറയിൽ നിന്ന് സിഎംപി സ്ഥാനാർഥിയായി 2021ൽ നിയമസഭയിലേക്കു മത്സരിച്ചപ്പോൾ മുതലമടക്കാരുടെ യാത്രാദുരിതം കണ്ടറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ആശയം രൂപപ്പെട്ടത്. പറമ്പിക്കുളത്തെ ജനങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി മുതലമടയിൽ എത്താനുള്ള പ്രയാസത്തിന് ഇതോടെ പരിഹാരമാകുമെന്നും റൂട്ടിലെ ടൂറിസം സാധ്യതകൾ ബസ് വരുന്നതോടെ കൂടുമെന്നും അദ്ദേഹം പറയുന്നു.
കെഎസ്ആർടിസിക്കു സഹായം നൽകാൻ സഹകരണ സംഘങ്ങൾക്കു പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ വരാനിരിക്കെയാണു കാലിക്കറ്റ് സിറ്റിസർവീസ് സഹകരണ സംഘം മാതൃകയായത്. പഞ്ചായത്തുകൾക്കും എംഎൽഎമാർക്കും അവരുടെ ഫണ്ടുപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസ് ഇറക്കാനും ഉടൻ അനുമതി നൽകിയേക്കും.
നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെല്ലാം പൂട്ടട്ടെ എന്നു കരുതുന്നവർക്കു വലിയ പാഠമാണിത്. ജനകീയപങ്കാളിത്തത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെ നിലനിർത്താൻ കഴിയുമെന്ന് സിറ്റി സർവീസ്സഹകരണ സംഘം കാണിച്ചു തന്നിരിക്കുന്നു എന്നും മന്ത്രി സി പി ജോൺ പറഞ്ഞു.
2000 പുതിയ ബസുകളാണു ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ കെഎസ്ആർടിസി വെറും 1,300 ബസുകൾ മാത്രമാണ് വാങ്ങിയതെന്നും അതിനാൽ ബസുകളുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. മലപ്പുറം പോലുള്ള ജില്ലകളിൽ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായുള്ള 'പ്രിയദർശിനി' ബസ് സർവീസുകൾ നാമമാത്രമായ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. ഈ പദ്ധതി വഴി ബസുകൾ വാങ്ങി നൽകിയാൽ കെഎസ്ആർടിസി ജീവനക്കാരെ വിട്ടുനൽകുകയും ശമ്പളം നൽകുകയും ചെയ്യും. നിലവിലുള്ള 5,700 കെഎസ്ആർടിസി ബസുകൾ പുനരുദ്ധരിക്കാനും പുതിയ രൂപത്തിലേക്ക് മാറ്റാനും മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിലെ ഉയർന്ന യാത്രാനിരക്കിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാൻ കൂടുതൽ മികച്ച എയർ കണ്ടീഷണർ ബസുകൾ ലീസിനെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രിയദര്ശിനി പദ്ധതിക്കെതിരെ പ്രമേയം
കെഎസ്ആര്ടിസി പ്രിയദര്ശിനി പദ്ധതിക്കെതിരേ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില് പ്രമേയം. മലപ്പുറം ഒതുക്കുങ്ങല് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്മാന് ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്ശനിയില് പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സര്ക്കാര് ജീവനക്കാരെ സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയില് നിന്ന് ഒഴിവാക്കണമെന്നുമുണ്ട്. ഇതാദ്യമായാണ് പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിനുള്ളില്നിന്ന് തന്നെ ഇത്തരത്തിലുള്ള ആവശ്യം പരസ്യമായി ഉയരുന്നത്.
സ്ത്രീകള്ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെ ഭരണസമിതി അംഗീകരിക്കുന്നു. എന്നാല്, യാത്രക്കാരുടെ കുറവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രമേയത്തില് ചൂണ്ടിക്കാട്ടുന്നു.
പൊതുവിഭവങ്ങള് മുന്ഗണന ക്രമത്തില് എത്തിക്കാനുള്ള നയപരമായ സമീപനം സ്വീകരിക്കണം. സ്വകാര്യ ബസ് മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വിവിധ സംഘടനകള് പരാതി നല്കി. അവരുടെ പ്രയാസങ്ങള് പരിഹരിക്കാന് ആവശ്യമായിട്ടുള്ള നടപടികള് കൈക്കൊള്ളണം. സാമ്പത്തികമായി കൂടുതല് പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് മുന്ഗണനാപൂര്വ്വം എത്തിക്കുന്നതിനുള്ള നയപരമായ സമീപനം സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രമേയത്തില് പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR