കടലിൽ കാണാതായ യുവാവ് ഗൗതം കൃഷ്ണൻ്റെ പുത്തൻതുറയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്ദുൾ ഗഫൂർ
Kollam , 11 ഓഗസ്റ്റ് (H.S.) നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ യുവാവ് ഗൗതം കൃഷ്ണൻ്റെ പുത്തൻതുറയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്ദുൾ ഗഫൂർ. അപകടം നടന്ന് പന്ത്രണ്ടാം ദിനത്തിലാണ് മന്ത്രി ബന്
NEENDAKARA BOAT ACCIDENT


Kollam , 11 ഓഗസ്റ്റ് (H.S.)

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ യുവാവ് ഗൗതം കൃഷ്ണൻ്റെ പുത്തൻതുറയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്ദുൾ ഗഫൂർ. അപകടം നടന്ന് പന്ത്രണ്ടാം ദിനത്തിലാണ് മന്ത്രി ബന്ധുക്കളെ കാണാനെത്തിയത്. കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മ രേഷ്മയുമായി മന്ത്രി പതിനഞ്ച് മിനിറ്റോളം സംസാരിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

നേരത്തെ അപകടമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും ഫിഷറീസ് മന്ത്രി തങ്ങളെ സന്ദർശിച്ചില്ലെന്നും രക്ഷാപ്രവർത്തനത്തിൽ കൃത്യമായ ഏകോപനമില്ലെന്നും രേഷ്മ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ അടിയന്തര സന്ദർശനം. എന്തുകൊണ്ടാണ് ഇതുവരെ കാണാൻ വരാതിരുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സെർച്ച് ഓപ്പറേഷനുകൾക്കായിരുന്നു തങ്ങൾ കൂടുതൽ മുൻഗണന നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

അപകടം നടന്നത് മുതൽ സെർച്ച് ഓപ്പറേഷൻസിനാണ് ഞങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്തത്. ഇന്നും സെർച്ച് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ ഫലം കണ്ടിട്ടില്ല എന്നുള്ളത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്, മന്ത്രി വിഇ അബ്ദുൾ ഗഫൂർ വ്യക്തമാക്കി.

'ഗോൾഡൻ മണിക്കൂറിൽ' രക്ഷാപ്രവർത്തനം, നിർദേശങ്ങളുമായി സർക്കാർ.

നിലവിൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായാണ് ആഴക്കടലിൽ തെരച്ചിൽ നടത്തിവരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നീണ്ടകര തീരത്ത് നേവിയുടെ നേതൃത്വത്തിലുള്ള ആഴക്കടൽ തെരച്ചിൽ കൂടുതൽ ഊർജിതമായി പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം.

കടലിൽ അപകടമുണ്ടാകുന്ന ആദ്യത്തെ വിലപ്പെട്ട സമയങ്ങളിൽ (ഗോൾഡൻ മണിക്കൂറിൽ) തന്നെ ആളുകളെ കരയ്ക്കെത്തിക്കാനും ജീവൻ രക്ഷിക്കാനും കഴിയുന്ന ആധുനിക സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് കുടുംബം മന്ത്രിയോട് അഭ്യർഥിച്ചു. ഇത് പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം അപകട രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക മാനദണ്ഡം (SOP) രൂപീകരിക്കുമെന്നും, പുതിയ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് പ്രദേശങ്ങളിൽ എത്തിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

അപകടത്തിൽ ഗൗതമിൻ്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും മുൻപ് തന്നെ മരണപ്പെട്ടിരുന്നു. ഇനി ശേഷിക്കുന്ന ഏക മകനായ ഗൗതമിനായുള്ള പ്രാർഥനയിലും കാത്തിരിപ്പിലുമാണ് കുടുംബവും നീണ്ടകരയിലെ തീരദേശവാസികളും. സർക്കാർ നൽകിയ ഉറപ്പുകൾ വെറും വാഗ്ദാനങ്ങളായി മാറാതെ, ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങളിൽ ജീവനുകൾ പൊലിയാതിരിക്കാൻ കൃത്യമായ രക്ഷാപ്രവർത്തന സംവിധാനങ്ങൾ വേഗത്തിൽ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ കലക്ടർ ആനി ജുലാ തോമസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനുസ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് വി മുരളീധരൻ

തീരദേശ മേഖലയിൽ ദുരന്തമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും ജനങ്ങളെ തിരിഞ്ഞുനോക്കാത്ത സംസ്ഥാന സർക്കാരിൻ്റേത് അങ്ങേയറ്റത്തെ അനാസ്ഥയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സംഭവം നടന്ന് ആദ്യഘട്ടത്തിൽ യാതൊരു ഇടപെടലും നടത്താതിരുന്ന സർക്കാർ, ദിവസങ്ങൾ കഴിഞ്ഞാണ് ഗൗരവതരമായ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തയാറായതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിൻ്റെ ഒരു പ്രതിനിധി പോലും കഴിഞ്ഞ ഒൻപത് ദിവസമായി തീരദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ല. പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും സ്ഥലം സന്ദർശിക്കാൻ തയാറായത്. തീരദേശത്തേക്കുള്ള വഴിപോലും അറിയാത്ത ആളുകളെയാണ് ഫിഷറീസ് മന്ത്രിയാക്കി ഇരുത്തിയിരിക്കുന്നത്. അവിടുത്തെ സാഹചര്യങ്ങളോ ജനങ്ങളുടെ പ്രശ്നങ്ങളോ അറിയാത്ത വ്യക്തിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വകുപ്പ് വിഭജന വേളയിലെ രാഷ്ട്രീയ താൽപ്പര്യങ്ങളും മുന്നണി സമവാക്യങ്ങളും മാത്രമാണ് സർക്കാർ നോക്കിയത്. ഇതിൻ്റെ ഫലമായി പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹം പൂർണമായും ഉപേക്ഷിക്കപ്പെട്ടു. പ്രകൃതി ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് സർക്കാരിൻ്റെ ഈ നയം മൂലം തീരദേശത്തെ പാവപ്പെട്ട ജനങ്ങൾ ഇന്ന് അനുഭവിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News