തലസ്ഥാന ജില്ലയിലെ ചരിത്രപ്രസിദ്ധമായ ജി. വി. രാജ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തമാക്കാനുമായി 100 കോടി രൂപയുടെ മുഖംമിനുക്കൽ നടപടികൾക്ക് വഴിയൊരുങ്ങുന്നു.
Thiruvananthapuram, 11 ഓഗസ്റ്റ് (H.S.) തലസ്ഥാന ജില്ലയിലെ ചരിത്രപ്രസിദ്ധമായ ജി. വി. രാജ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തമാക്കാനുമായി 100 കോടി രൂപയുടെ മുഖംമിനുക്കൽ നടപടികൾക്ക്
GV RAJA STADIUM


Thiruvananthapuram, 11 ഓഗസ്റ്റ് (H.S.)

തലസ്ഥാന ജില്ലയിലെ ചരിത്രപ്രസിദ്ധമായ ജി. വി. രാജ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തമാക്കാനുമായി 100 കോടി രൂപയുടെ മുഖംമിനുക്കൽ നടപടികൾക്ക് വഴിയൊരുങ്ങുന്നു. കേന്ദ്ര സർക്കാർ കനിഞ്ഞാൽ ഒളിമ്പിക് തിരുവനന്തപുരത്ത് എത്തും. ഒളിമ്പിക് മത്സരങ്ങൾക്കായി ഓരോ സംസ്ഥാനത്തുനിന്നും ഓരോ സ്റ്റേഡിയം തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കേരള സർവകലാശാല അധികൃതരുമായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ചർച്ച നടത്തി. നവീകരണം സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കി നൽകാൻ സർവകലാശാല അധികൃതരോട് സുരേഷ് ഗോപി നിർദ്ദേശിച്ചു. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ളതാണ് സ്റ്റേഡിയം.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ. എസ്. ശശികുമാർ എന്നിവർക്കൊപ്പം സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ജി. വി. രാജ സ്റ്റേഡിയം നവീകരിച്ച് ഒളിമ്പിക്സിന് അനുയോജ്യമാക്കാൻ കേന്ദ്രത്തിന് 100 കോടി രൂപ അനുവദിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെന്നും സമഗ്ര നവീകരണത്തിനായി കേരള സർവകലാശാല ഉടൻ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും സിൻഡിക്കേറ്റ് അംഗം ആർ. എസ്. ശശികുമാർ പറഞ്ഞു.

2036-ലെ വേനൽക്കാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദിഷ്ട നവീകരണം. ഒളിമ്പിക് ഗെയിംസ് നടത്താൻ ഇന്ത്യ ഔപചാരികമായി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിനെയാണ് പ്രധാന ആതിഥേയ നഗരമായി നിർദ്ദേശിച്ചിരിക്കുന്നത്. 2029 മധ്യത്തോടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി. വി. രാജ സ്റ്റേഡിയം യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്തിന് ഒരു പ്രധാന അന്താരാഷ്ട്ര അത്ലറ്റിക് വേദി ലഭിക്കും. മുൻപ് ഒരു അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിച്ചിട്ടുള്ള ഈ സ്റ്റേഡിയം, വർഷങ്ങളായി അവഗണിക്കപ്പെട്ടതിനെ തുടർന്ന് സിന്തറ്റിക് ട്രാക്കും മറ്റ് സൗകര്യങ്ങളും തകർന്ന നിലയിലാണ്. 1937-ൽ തിരുവിതാംകൂർ സർവകലാശാലയുടെ ഭാഗമായി നിർമ്മിച്ച സ്റ്റേഡിയം ഒമ്പത് പതിറ്റാണ്ട് പിന്നിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഈ വികസനത്തിന് ഏറെ പ്രാധാന്യമുണ്ട്.

കേരളത്തിലെ കായിക പ്രസ്ഥാനത്തിന് ശക്തമായ തുടക്കമിട്ട കേണൽ ഗോദവർമ്മ രാജയുടെ പേരിലാണ് ജി. വി. രാജ സ്റ്റേഡിയം അറിയപ്പെടുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗവും കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന അദ്ദേഹം സംസ്ഥാനത്ത് അത്ലറ്റിക്സ്, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ടൂറിസം മേഖലയുടെയും ആദ്യകാല വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News