Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഓഗസ്റ്റ് (H.S.)
മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ, അപകട സമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ സജീറാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇവ തിരിച്ചറിഞ്ഞത്.
എന്നാൽ, സാക്ഷി തിരിച്ചറിഞ്ഞ നമ്പർപ്ലേറ്റ് അപകടത്തിൽപ്പെട്ട ഏത് വാഹനത്തിൻ്റേതാണെന്ന് കൃത്യമായി അറിയില്ലെന്ന് മൊഴി നൽകി. അപകടം നടന്ന ശേഷമാണ് താൻ സംഭവസ്ഥലത്തെത്തിയത്. അതിനാൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നോ കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു.കേസിൽ ഇതുവരെ 12 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ ഒന്നാം സാക്ഷി മാത്രമാണ് ഇതുവരെ കൂറുമാറിയത്.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമാംവിധം മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാറിടിച്ച് സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. എം. ബഷീർ കൊല്ലപ്പെടുന്നത്.
നിർണായക മൊഴി
അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിൻ്റെ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും കേസിലെ പത്താം സാക്ഷിയായ ഡോ അനീഷ് രാജ് പറഞ്ഞു.
കവടിയാറിലെ ക്വാർട്ടേഴ്സിൽ വച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയത് ശ്രീറാമിൻ്റെ ഐഎഎസ് അക്കാദമിയിലെ സഹപാഠിയായിരുന്ന താനാണെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അന്ന് പൊലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചത് എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് വ്യക്തമായി ഓർമയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്. അപകടശേഷം ബഷീറിൻ്റെ ദേഹപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കൃത്രിമത്വം കാണിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷാമ് കോടതിയിൽ ഹാജരായത്. വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR