കെഎസ്ആർടിസിക്ക് ബസ് നൽകിയ സഹകരണ സംഘത്തിന് നന്ദി പറഞ്ഞ് മന്ത്രി സി.പി ജോൺ
Thiruvananthapuram , 11 ഓഗസ്റ്റ് (H.S.) കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ബസ് വാങ്ങി നൽകിയ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി സി.പി ജോൺ. പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ മുന്നോട്ട് കൊ
സി പി ജോൺ


Thiruvananthapuram , 11 ഓഗസ്റ്റ് (H.S.)

കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ബസ് വാങ്ങി നൽകിയ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി സി.പി ജോൺ. പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തെളിയിക്കുന്ന ശക്തമായ മാതൃകയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് സംഘം കെഎസ്ആർടിസി ബസ് വാങ്ങി നൽകുന്നത്.

ഈ മാതൃകാപരമായ ചുവടുവെപ്പിന് സംഘത്തിനും ഇതിന് മുൻകയ്യെടുത്ത എംവിആർ കാൻസർ സെന്റർ ചെയർമാനും ഡയറക്ടറുമായ സി.എൻ വിജയകൃഷ്ണനും മന്ത്രി നന്ദി അറിയിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

'കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ജനകീയ പങ്കാളിത്തം മാതൃകയാകട്ടെ'

പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തെളിയിക്കുന്ന ശക്തമായൊരു മാതൃകയാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം ഉയർത്തിക്കാട്ടുന്നത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി, ഒരു പൊതുമേഖലാ ഗതാഗത സംവിധാനത്തെ വീണ്ടെടുക്കാൻ ഒരു സഹകരണ പ്രസ്ഥാനം മുന്നോട്ടുവന്നിരിക്കുന്നു. തങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ച് ഒരു കെഎസ്ആർടിസി ബസ് വാങ്ങി നൽകാനുള്ള അവരുടെ തീരുമാനം പ്രശംസനീയമാണ്. ഈ മാതൃകാപരമായ ചുവടുവെപ്പിന് സംഘത്തിനും, അതിന്റെ ചാലകശക്തിയായ എംവിആർ കാൻസർ സെന്റർ ചെയർമാനും ഡയറക്ടറുമായ ശ്രീ സി.എൻ വിജയകൃഷ്ണനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കോഴിക്കോട് നിന്ന് പാലക്കാട് മുതലമട വഴി പറമ്പിക്കുളത്തേക്ക് ഒരു സർവീസ് ആരംഭിക്കണമെന്ന ലളിതമായ ആവശ്യമാണ് അവർ മുന്നോട്ടുവെച്ചിട്ടുള്ളത്. മുൻപ് നെന്മാറ മണ്ഡലത്തിൽ മത്സരിച്ച വേളയിൽ, ജനങ്ങളുടെ യാത്രാദുരിതം നേരിട്ടറിഞ്ഞ അനുഭവത്തിൽ നിന്നാണ് സി.എൻ വിജയകൃഷ്ണൻ ഈയൊരു ആശയത്തിലേക്ക് എത്തിയത്. ഇത് നടപ്പിലാകുന്നതോടെ മുതലമടയിലേക്കുള്ള യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാകും. ഒപ്പം, പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതിയൊരു ഊർജ്ജവും ലഭിക്കും. ജനകീയ പങ്കാളിത്തത്തിലൂടെ ഒരു പൊതുമേഖലാ സ്ഥാപനത്തെ എങ്ങനെ ചേർത്തുപിടിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്.

സഹകരണ സംഘങ്ങൾക്ക് തങ്ങളുടെ പൊതുനന്മ ഫണ്ട് കെഎസ്ആർടിസിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഉടൻ തന്നെ ഇതിൽ അനുകൂല തീരുമാനമുണ്ടാകും. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം കാണിച്ചുതന്ന ഈ വഴി പിന്തുടരാൻ മറ്റ് തദ്ദേശ സ്ഥാപനങ്ങളും, സഹകരണ പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളും മുന്നോട്ടുവരണം. 2000 പുതിയ ബസുകൾ നിരത്തിലിറക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുവാൻ ഇത്തരം ജനകീയ കൂട്ടായ്മകൾക്ക് സാധിക്കും. പൊതുഗതാഗതത്തെ സംരക്ഷിക്കാൻ ജനങ്ങളുടെ സഹകരണമാണ് ഏറ്റവും വലിയ കരുത്ത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News