Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 ഓഗസ്റ്റ് (H.S.)
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തി വന്ന നിരാഹാര സമരം പിൻവലിച്ചു. സമരസമിതി സെക്രട്ടറി വളർമതി 13 ദിവസമായി നടത്തിവന്ന നിരാഹാരമാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിന് മുമ്പിൽ പന്തലിട്ട് നടത്തിയ സമരം താൽക്കാലികമായി നിർത്തിവെച്ചു. 37 ദിവസം നീണ്ട് നിന്ന സമരമാണ് നിർത്തിവച്ചത്. സമരം നിർത്തിയെങ്കിലും നേതാക്കൾ അവിടെ തുടരുമെന്ന് സമരസമിതി സെക്രട്ടറി വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്യങ്ങൾ പഠിക്കാൻ സർക്കാർ 45 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം നിർത്തിവച്ചത്.
1:25 വിദ്യാർഥി അധ്യപാക അനുപാതം സർക്കാർ മേഖലയിൽ നടപ്പിലാക്കണം. ഇത് സർക്കാരിന് ബാധ്യതയാവുന്ന കാര്യമല്ല. എൽപിഎസ്ടി ലിസ്റ്റ് കാലാവധി തീരുന്ന മുറയ്ക്ക് നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനും നീട്ടിവെയ്ക്കും. മന്ത്രി തന്ന വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചതെന്നും വളർമതി പറഞ്ഞു.
കാര്യങ്ങൾ പരിശോധിക്കാൻ 45 ദിവസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സെപ്റ്റംബർ 24നാണ് പൂർത്തിയാവുന്നത്. സമരത്തിൻ്റെ ഭാഗമായി ഇനി പ്രകടനമോ പ്രതിഷേധമോ ഉണ്ടാവില്ല. സമാധാനപരമായി സമരപന്തലിൽ തുടരും. സെപ്റ്റംബർ 24ന് തീരുമാനമായില്ലെങ്കിൽ പിന്നീട് സമരം എങ്ങനെ വേണമെന്ന് ആലോചിക്കും. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും, വിദ്യാർഥി യുവജന സംഘടനകളും സമരത്തെ പിന്താങ്ങി. ഇതുവരെ സർക്കാർ ഉപാധികളൊന്നും വെച്ചിട്ടില്ല. എയ്ഡഡിന് പ്രൊട്ടക്ഷൻ നൽകുമ്പോൾ സർക്കാർ മേഖലയിലും അത് ഉണ്ടാവണം. സർക്കാർ ഈ സമയപരിധിക്കുള്ളിൽ ഇക്കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കും എന്നാണ് വിശ്വാസമെന്നും വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി.
എൽപിഎസ്ടി സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾക്കൊള്ളാവുന്നതെല്ലാം ഉൾക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കുറച്ച് കാര്യങ്ങളിൽ ചർച്ചയിൽ ധാരണയായി. നിയമനം നടത്താതെ പിഎസ്സി നോട്ടിഫിക്കേഷൻ നിരന്തരം ഇറക്കുന്നത് അവസാനിപ്പിക്കും.
തസ്തികക്ക് അനുസരിച്ചാവണം നോട്ടിഫിക്കേഷൻ ഇറക്കേണ്ടത്. നിലവിലെ ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കും. വിദ്യാർഥി അധ്യാപക അനുപാതം 1: 25 ആക്കുന്ന കാര്യവും എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ഷൻ സർക്കാർ ഖേലയിൽ നൽകുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥി അനുപാതത്തിൻ്റെ കാര്യത്തിൽ തീരുമാനത്തിന് 45 ദിവസത്തെ സാവകാശം സമരസമിതിയോട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാർ പൂർണമായും തിരിഞ്ഞുനോക്കാതിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിൽ നേരിട്ടെത്തി ചർച്ചയ്ക്ക് തയാറായിരിക്കുകയാണ് പുതിയ സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. സമരസമിതിയുമായി ഇതിനോടകം പലതവണ അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് ആദ്യത്തെ ഔദ്യോഗിക ചർച്ചയാണെന്നും മന്ത്രി അറിയിച്ചു.
സമരസമിതി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കും. വിഷയത്തിൽ വളരെ തുറന്ന സമീപനമാണ് സർക്കാരിനുള്ളത്. അർഹതപ്പെട്ട ആർക്കെങ്കിലും ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കണമെന്ന നിലപാട് സർക്കാരിനില്ല. സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള എല്ലാ പ്രായോഗിക വശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി ചർച്ചയ്ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR