Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 ഓഗസ്റ്റ് (H.S.)
അര്ജൻ്റീന ഫുട്ബോള് ഇതിഹാസം ലയണല് മെസിയെ കൊച്ചിയിലെത്തിക്കാന് നടത്തിയ നീക്കത്തിനു പിന്നില് നടന്നത് ഞെട്ടിക്കുന്ന കള്ളക്കളികളെന്നാണ് കായിക വകുപ്പ് സ്പെഷ്യല് സെക്രട്ടറി എന് പ്രശാന്ത് സര്ക്കാരിനു നല്കിയ റിപ്പോര്ട്ടിലുള്ളത്. അര്ജൻ്റീന ഫുട്ബോള് അസോസിയേഷൻ്റെ (എഎഫ്എ) ബ്രോഷര് ഉപയോഗിച്ചാണ് തട്ടിപ്പിനു തുടക്കമിട്ടതെന്നും റിപ്പോര്ട്ട് പറയുന്നു. ഈ ബ്രോഷറാണ് അര്ജൻ്റീന ഫുടേബോള് അസോസിയേഷനുമായുള്ള കരാറായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല് ഇത് എഎഫ്എയും കേരള സര്ക്കാരുമായുള്ള ഔദ്യോഗികമായ ധാരണയോ കരാറോ ആയിരുന്നില്ല. ഇതിനെ അന്തിമ ഉറപ്പായി തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതു സംബന്ധിച്ച ഫയല് നീക്കം.
ഇതു സംബന്ധിച്ച ഫയലില് എഎഫ്എയുടെ ഫീസും പണം നല്കുന്ന സമയക്രവും അംഗീകരിക്കും മുന്പ് സര്ക്കാരിൻ്റെ മുന് കൂര് അനുവാദം ആവശ്യമാണെന്ന് ഒരിടത്തും വ്യക്തമാക്കിയിരുന്നില്ല. ഇത് സെക്രട്ടേറിയറ്റ് ഓഫീസ് മാനുവലിൻ്റെ ലംഘനമാണ്. കേന്ദ്ര സര്ക്കാരിൻ്റെ എന്ഒസി, ഡിപിആര്, ധനവകുപ്പിൻ്റെ മുന്കൂര് അംഗീകാരം, നിയമ വകുപ്പിൻ്റെ സൂക്ഷ്മ പരിശോധന, സംസ്ഥാന മന്ത്രിസഭയുടെ നയപരമായ തീരുമാനം എന്നിവ ആവശ്യമായിരുന്നിട്ടും ഇതൊന്നും പാലിക്കാതെ തിടുക്കത്തില് ഫയല് മുന്നോട്ടു പോയി. ഇതും സെക്രട്ടേറിയറ്റ് മാനുവലിൻ്റെ വിവിധ ചട്ടങ്ങളുടെ ലംഘനമായിരുന്നു.
210 കോടി രൂപയുടെ ഒരു മെഗാ പ്രോജക്ടായിരുന്നു ഇത്. ഇതില് നിന്നു ലഭിക്കുന്ന വരുമാനം കണക്കാക്കിയിരുന്നത് 82 കോടി രൂപ മാത്രമാണ്. ഇവിടെ 128 കോടി രൂപയുടെ കുറവ് ചെലവും വരുമാനവും തമ്മിലുണ്ട്. എഎഫ്എക്കുള്ള മാച്ച് ഫീ മാത്രം 198 കോടി രൂപയായിരുന്നു. ഈ ഒരു സാമ്പത്തിക അന്തരം പരിഹരിക്കുന്നതിന് ധനവകുപ്പിനെ മറികടന്ന് ഒരു പ്രൈവറ്റ് സ്പോണ്സര്ഷിപ്പ് മോഡല് അംഗീകരിച്ചതും ധനകാര്യ ചട്ടങ്ങളുടെ ലംഘനമാണ്.
ഗേറ്റ് കളക്ഷന്, സ്പോണ്സര്ഷിപ്പ്, മാച്ചിൻ്റെ സംപ്രേക്ഷണം എന്നിവയിലൂടെ പരിപാടിക്കാവശ്യമായ കോടികള് കണ്ടെത്തുന്നതിന് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിങ് കമ്പനിയെ നിയമിച്ചത് ഓപ്പണ് ടെണ്ടറിലൂടെ ആയിരുന്നില്ല. എന്നു മാത്രമല്ല, കമ്പനിയുടെ സാമ്പത്തിക ശേഷിയോ അവരുടെ പണത്തിൻ്റെ ഉറവിടമോ പരിശോധിക്കാതെയായിരുന്നു. കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയം സ്വകാര്യ സ്പോണ്സര്ക്ക് നിര്മ്മാണ പ്രവര്ത്തനങ്ങള്ക്കു വിട്ടു കൊടുത്തും ആവശ്യമായ ചട്ടങ്ങള് പാലിക്കാതെയും ഈ സ്പോണ്സറില് നിന്ന് അവര് സ്റ്റേഡിയത്തിന് വരുത്താനിടയുള്ള നാശനഷ്ടത്തിൻ്റെ നഷ്ടപരിഹാരത്തിനായി ഇന്ഷുറന്സ് പരിരക്ഷയോ ബാങ്ക് ഗാരൻ്റിയോ ഉറപ്പാക്കിയിരുന്നില്ല. ഇത് ഒരു പൊതൂ സ്വത്ത് സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തത്തിൻ്റെ ലംഘനമാണ്.
ഇതില് ജിസിഡിഎയും സ്പോര്ട് കേരള ഫൗണ്ടേഷനും ഗുരുതരമായ വീഴ്ച വരുത്തി. എല്ലാ ചട്ടങ്ങളും ലംഘിച്ച് ഈ സ്വകാര്യ കമ്പനിക്ക് ഗുണകരമാകുന്ന തരത്തില് സെക്യൂരിറ്റി ഡിപ്പോസിറ്റ്, വാടക, നികുതിയും മറ്റു ചെലവുകളും എല്ലാം ഇളവു ചെയ്തു കൊടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്നു എന്നതും രേഖകളിലുണ്ട്. സെക്രട്ടേറിയറ്റില് തന്നെ അന്നത്തെ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്വകാര്യ സ്ഥാപനത്തിനു വേണ്ടി എല്ലാ കാര്യങ്ങളും നീക്കുകയായിരുന്നെന്നും റിപ്പോര്ട്ടില് കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR