Enter your Email Address to subscribe to our newsletters

Kasaragod , 11 ഓഗസ്റ്റ് (H.S.)
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് രാജ്യദ്രോഹപരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം വിലക്കിയാൽ തെരുവുകളിലുടനീളം ആലപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷുകാരുടെ സ്വരമാണ് യുഡിഎഫ് സർക്കാരിലൂടെ വീണ്ടും കേൾക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വന്ദേമാതരം പാടി ബിജെപി പ്രത്യേക പരിപാടി സംഘടിപ്പിക്കും. വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിലപാട് രാജ്യത്തിൻ്റെ ഐക്യത്തിന് ഭീഷണിയാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം നിലപാടെടുക്കുന്നതെന്നും ഇത് അടുത്ത വിഭജനത്തിന് വിത്തുപാകലാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ രണ്ടായി വിഭജിക്കണമെന്നും പതിനേഴായി വിഭജിക്കണമെന്നും ആവശ്യപ്പെട്ട മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളും വന്ദേമാതരത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കുന്നത് മനസിലാക്കാം. എന്നാൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ പാരമ്പര്യമുള്ള കോൺഗ്രസ് മുസ്ലിം ലീഗിന് പൂർണമായും കീഴടങ്ങിയത് ഏറെ അപകടകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. വന്ദേമാതരം കേവലമൊരു ഗാനമല്ലെന്നും അത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ജീവവായുവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സവർക്കർ വിവാദം
കാസർകോട് സവർക്കർ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെതിരെയുള്ള നടപടിയെയും പി.കെ കൃഷ്ണദാസ് രൂക്ഷമായി വിമർശിച്ചു. അധ്യാപകൻ്റെ സസ്പെൻഷൻ നടപടി അംഗീകരിക്കില്ല. വി.ഡി സവർക്കറെ കുറിച്ച് ചോദ്യമുണ്ടാക്കിയാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. ദേശവിരുദ്ധതയിൽ യുഡിഎഫും എൽഡിഎഫും ഒന്നിക്കുകയാണ്. വി.ഡി സവർക്കറെ അപമാനിക്കുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചരിത്ര യാഥാർഥ്യങ്ങളെ തമസ്കരിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. പാഠ്യപദ്ധതികളിൽ നിന്ന് ദേശീയ നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതംബിജെപി കോർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കോർ കമ്മിറ്റിയിൽ ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എസ്. സുരേഷിനെതിരെ പ്രത്യേക കോണിൽ നിന്ന് ഉണ്ടാക്കിയ വാർത്തയാണത്. വിദ്യാർഥികളുടെ അവകാശങ്ങളെയും സമരങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യ മുന്നണിയുടെ അവകാശവാദം കപടമാണ്. ഝാർഖണ്ഡ് സമരത്തോടും കേരള സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തോടും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെയും നിലപാടിൽ നിന്നും ഇത് ഒരിക്കൽ കൂടി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വിവിധ പിഎസ്സി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരങ്ങളിൽ അവരുമായി ചർച്ച നടത്താൻ പോലും മുഖ്യമന്ത്രി വി.ഡി സതീശൻ തയ്യാറായിട്ടില്ല. നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പിഎസ്സിയെ അന്വേഷണ വിധേയമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
സർക്കാർ ജോലി സ്വപ്നം കണ്ട് പഠിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. അർഹരായവർക്ക് ജോലി നൽകാതെ പിൻവാതിൽ നിയമനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഭരണകൂടം യുവജനങ്ങളുടെ ഭാവി നശിപ്പിക്കുകയാണ്. യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങളിൽ ഇരുമുന്നണികളും രണ്ടല്ല ഒന്നാണെന്ന് ഇതിലൂടെ വ്യക്തമായെന്നും പി.കെ കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR