എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Ernakulam , 11 ഓഗസ്റ്റ് (H.S.) എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ 17 അന്തിമ റിപ്പോർട്ട
High Court of Kerala


Ernakulam , 11 ഓഗസ്റ്റ് (H.S.)

എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ 17 അന്തിമ റിപ്പോർട്ടുകൾ സമർപ്പിച്ചതായി വിജിലൻസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

30 പരാതികളിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്നും ഈ കേസുകളിലെ വസ്തുതാ റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടർ അംഗീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ വൈകിയെന്ന ആരോപണം ശരിയല്ല. നടപടികളുടെ എണ്ണം വർധിപ്പിക്കാതിരിക്കാൻ ക്രമക്കേട് കണ്ടെത്താത്ത കേസുകളിൽ ഏകീകൃത അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കുന്നത്. വിജിലൻസിൻ്റെ പുതിയ റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ കേസിൻ്റെ തുടർനടപടികളിൽ അത് നിർണായകമാകും.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതിൽ ഹൈക്കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും കേസിൻ്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നായിരുന്നു കോടതിയുടെ വിമർശനം. മറ്റ് പല ചുമതലകളുമുള്ളതിനാൽ കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും അതിനാൽ എസ് ശശിധരനെ മാറ്റണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.

തട്ടിപ്പിൻ്റെ വ്യാപ്തി

സംസ്ഥാനത്തെ വിവിധ എസ്എൻഡിപി യൂണിയനുകളായ മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും അഴിമതി കണ്ടെത്തിയത്. 2003 മുതൽ 2014 വരെയുള്ള കാലയളവിൽ സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് എസ്എൻഡിപി ശാഖകൾ വഴി വിതരണം ചെയ്യാനായി എടുത്ത വായ്പകളിലാണ് വൻ തട്ടിപ്പ് നടന്നതായി ആരോപണമുയർന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലാണ് വ്യാപകമായ ക്രമക്കേടുകൾ അരങ്ങേറിയത്. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വ്യാജ രേഖകളും തിരിച്ചറിയൽ കാർഡുകളും നിർമിച്ച് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ.

കേസിൻ്റെ പശ്ചാത്തലം

2016ൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡിമാരായ നജീബ്, ദിലീപ് കുമാർ, മുൻ മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്റർ കെകെ മഹേശൻ, എസ്എൻഡിപി യൂണിയൻ നേതാവ് ഡോ എംഎൻ സോമൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിൽ വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസിൽ 80 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News