ശബരിമല യുവതിപ്രവേശത്തില് ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബറില്; സൂചന നല്കി ചീഫ് ജസ്റ്റിസ്
New delhi, 11 ഓഗസ്റ്റ് (H.S.) ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ഒക്ടോബറില്‍. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് ഒക്ടോബര്‍ ആദ്യ നാരത്തില്‍ വിധി പറയും എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇത്തരമൊരു സൂചന മറ്റൊരു കേസ് പരിഗണിക്കു
Sabarimala


New delhi, 11 ഓഗസ്റ്റ് (H.S.)

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ഒക്ടോബറില്‍. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് ഒക്ടോബര്‍ ആദ്യ നാരത്തില്‍ വിധി പറയും എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇത്തരമൊരു സൂചന മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയില്‍ നല്‍കിയത്.

ക്ഷേത്രപരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല കേസിലെ വിധി സംബന്ധിച്ച സൂചന നല്‍കിയത്. ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ശബരിമല കേസിലെ വിധി ഒക്ടോബര്‍ ആദ്യവാരം ഉണ്ടാകുമെന്നും ബോധ്ഗയ ഹര്‍ജി ഒക്ടോബര്‍ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ശബരിമല യുവതീപ്രവേശന വിഷയത്തിലെ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജി അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയാറാക്കിയ ചോദ്യങ്ങളില്‍ ഒന്‍പത് അംഗ ബെഞ്ച് വാദം കേള്‍ക്കുകയായിരുന്നു. ഒന്‍പത് അംഗ ബെഞ്ച് റഫറന്‍സില്‍ നല്‍കുന്ന ഉത്തരങ്ങള്‍ക്ക് അനുസരിച്ച് അഞ്ച് അംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ട് വിധി പറയും.

ആറ് വര്‍ഷത്തിന് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി വരുന്നത്. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉള്ളത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന മുന്‍ നിലപാട് സംസ്ഥാനസര്‍ക്കാര്‍ തിരുത്തിയിരുന്നു. ആചാരസംരക്ഷണം വേണമെന്ന പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരും മലക്കംമറിഞ്ഞത്.

---------------

Hindusthan Samachar / Sreejith S


Latest News