Enter your Email Address to subscribe to our newsletters

Alahabad, 11 ഓഗസ്റ്റ് (H.S.)
രണ്ടില്‍ കൂടുതല് കുട്ടികളുള്ള സര്ക്കാര് ജീവനക്കാര്ക്ക് പ്രസവാവധിക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. പ്രസവാവധിക്കായി ആദ്യമായാണ് അപേക്ഷിക്കുന്നതെങ്കില്‍ പോലും ഈ നിയമം ബാധകമാണെന്നും കോടതി ഉത്തരവിട്ടു. നാലാമത്തെ കുട്ടിക്ക് പ്രസവാവധി നിഷേധിച്ച നടപടിക്കെതിരെ ശശി കുമാരി എന്ന സര്‍ക്കാര്‍ ജീവനക്കാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മഞ്ജു റാണി ചൗഹാന്റെ സുപ്രധാന ഉത്തരവ്.
ജൂണ്‍ 19ന് തന്റെ പ്രസവാവധിക്കുള്ള അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. തന്റെ ആദ്യത്തെ മൂന്ന് കുട്ടികളുടെ ജനനസമയത്തും താന്‍ പ്രസവാവധി എടുത്തിട്ടില്ലെന്നും, നാലാമത്തെ കുട്ടിക്ക് വേണ്ടിയാണ് ആദ്യമായി ആറ് മാസത്തെ അവധിക്ക് അപേക്ഷിക്കുന്നതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ അവധി നിഷേധിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരി നേരത്തെ തന്നെ പ്രസവാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ഹാന്‍ഡ്ബുക്ക് വോളിയം-II, പാര്‍ട്ട് രണ്ട് മുതല്‍ നാല് വരെയുള്ള (അധ്യായം-10) വ്യവസ്ഥകള്‍ പ്രകാരം, പ്രസവത്തീയതി മുതല്‍ 180 ദിവസത്തേക്കാണ് അവധി അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ അനുവദിച്ച അവധി അവസാനിച്ചതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും പ്രസവാവധി അനുവദിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ, ഒരു വനിതാ സര്‍ക്കാര്‍ ജീവനക്കാരിക്ക് ജീവിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ കഴിയില്ല എന്നതാണ്. മറ്റ് സാഹചര്യങ്ങളില്‍ അവര്‍ അവധിക്ക് അര്‍ഹയാണെങ്കില്‍ പോലും ഈ നിയമം കര്‍ശനമായി പാലിക്കപ്പെടും. കൂടാതെ, ഗര്‍ഭച്ഛിദ്രം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആറാഴ്ചത്തെ അവധി നല്‍കുന്നതിനായി പ്രത്യേക വ്യവസ്ഥയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 1990ലെ വിജ്ഞാപനപ്രകാരം, ഇത്തരം അവധികള്‍ പരമാവധി മൂന്ന് തവണ മാത്രമേ അനുവദിക്കൂ എന്ന മുന്‍ പരിധി ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.
അതേസമയം, ഹര്‍ജിയോടൊപ്പം അസ്സല്‍ രേഖകളുടെ ഫോട്ടോകോപ്പികള്‍ക്ക് പകരം അക്ഷരത്തെറ്റുകളുള്ള ടൈപ്പ് ചെയ്ത പകര്‍പ്പുകള്‍ മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ കോടതി, ഭാവിയില്‍ ഹര്‍ജികള്‍ക്കൊപ്പം ശരിയായ ഫോട്ടോകോപ്പികള്‍ തന്നെയാണോ സമര്‍പ്പിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ റിപ്പോര്‍ട്ടിങ് വിഭാഗത്തോട് ആവശ്യപ്പെട്ടു. കോടതി നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. കൂടാതെ, ഈ ഉത്തരവിന്റെ ഒരു പകര്‍പ്പ് തുടര്‍നടപടികള്‍ക്കായി രജിസ്ട്രാര്‍ ജനറലിന് മുന്‍പാകെ ഹാജരാക്കാനും ജസ്റ്റിസ് മഞ്ജു റാണി ചൗഹാന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ അവധി സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തത വരുത്തുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ കര്‍ശനമായി നടപ്പിലാക്കുന്നത്. അതിനാല്‍ തന്നെ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് കോടതിയുടെ ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S