Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം :
തലസ്ഥാന നഗരിയെ ഞെട്ടിച്ച കണ്ണമ്മൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾ കുറ്റക്കാരെന്നു നെടുമങ്ങാട് എസ് സി- എസ് ടി പ്രത്യേക കോടതി കണ്ടെത്തി.ശിക്ഷ വ്യാഴാഴ്ചവിധിക്കും.ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. ആകെ 12 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്.പത്ത് വർഷം മുൻപ്, 2016 ഒക്ടോബർ 7 നാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയത്. വൈകിട്ട് ആറുമണിയോടെ നാട്ടുകാർ കാണെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി വിഷ്ണുവിനെ മാതാപിതാക്കൾക്ക് മുന്നിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
പതിനെട്ടു വയസ്സായിരുന്നു കൊല്ലപ്പെടു മ്പോൾ വിഷ്ണുവിന്റെ പ്രായം.അക്രമത്തിൽ ഇയാളുടെ അച്ഛൻ ജോസ് എന്ന് വിളിക്കുന്ന അനിൽകുമാർ, അമ്മ ബിന്ദു കുമാരി,അച്ഛന്റെ സഹോദരി ലൈല എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കണ്ണമ്മൂല പ്രദേശത്തെ ഗുണ്ടാനേതാവ് പരട്ട എന്ന് വിളിപ്പേരുള്ള അരുണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൊലയ്ക്ക് പിന്നിൽ.ലല്ലു,പൂച്ച രാജേഷ് എന്ന് വിളിപ്പേരുള്ള രാജേഷ്, സഞ്ജു എന്നറിയപ്പെടുന്ന സനൽകുമാർ, ബോൾജി എന്ന് വിളിക്കുന്ന ശ്രീനാഥ്, വിഷ്ണു എന്ന് വിളിപ്പേരുള്ള വിജീഷ്, ഷേട്ടി മനു എന്നറിയപ്പെടുന്ന മനു, ഡിനി ബാബു, ജയൻ, അജീഷ്,ഉണ്ണികൃഷ്ണൻ,ദിലീപ് എന്നിവരായിരുന്നു രണ്ടു മുതൽ 12 വരെയുള്ള മറ്റു പ്രതികൾ.
കേസിലെ എട്ടാം പ്രതിയും അറിയപ്പെടുന്ന ഗുണ്ടാ നേതാവുമായ ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അനിൽകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണം.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മഴു,വെട്ടുകത്തി,വാൾ, ഇരുമ്പ് കമ്പി തുടങ്ങിയ മാരകായുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയത്. വെട്ടുകൊണ്ട് കുടൽമാല പുറത്തുചാടിയ വിഷ്ണുവിനെ സ്ഥലത്തുണ്ടായിരുന്ന ഒരു പെട്ടിഓട്ടോയിൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് സർക്കിൾ ഇൻസ്പെക്ടറാണ് ആദ്യം അന്വേഷിച്ചത്.പിന്നീട് സിറ്റി പോലീസ് കമ്മി ഷണറുടെ ഉത്തരവ് പ്രകാരം ശഖു മുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണം ഏറ്റെടുത്തു.
ആദ്യം ചുമത്തിയിരുന്ന വകുപ്പുകൾക്ക് പുറമേ പട്ടികജാതി -പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം കൂടി പ്രതികൾക്ക് മേൽ ചുമത്തി അദ്ദേഹം കുറ്റപത്രം സമർപ്പിച്ചു.
കേസിന്റെ സ്പെഷ്യൽ പ്രോസിക്യുട്ടറാ യി സാജൻ പ്രസാദിനെ സർക്കാർ നിയമിച്ചു.കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സാജൻ പ്രസാദ് വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കേസിന്റെ തുടരന്വേഷ ണം തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോർഡ്സ് റിപ്പോർട്ട് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ജെ കെ ദിനിലിന് കൈമാറി. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിച്ച് പുതുതായി ഇന്ത്യൻ ശിക്ഷാനിയമം 109,209(ബി )506 വകുപ്പുകൾ കൂടിചേർത്ത് ദിനിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന്റെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ബിന്ദുകുമാരിയും ലൈലയും മാസങ്ങളോളം ആശുപത്രി കിടക്കയിലായി രുന്നു. മജിസ്‌ട്രേറ്റ് മുൻപാകെ ഇരുവരും മരണമൊഴി നൽകിയിരുന്നു.
കേസിൽ ലൈലയുടെ മകൻ ആദിത്യൻ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടു.സംഭവ സമയത്ത് ഏഴ് വയസ്സ് മാത്രമായിരുന്നു ആദിത്യന്റെ പ്രായം.ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.144തൊണ്ടി വസ്തുക്കളും 6 തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S