Enter your Email Address to subscribe to our newsletters

Kozhikode , 12 ഓഗസ്റ്റ് (H.S.)
ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശിയായ ബാസിലാണ് (23) മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് തോണി മറിഞ്ഞ് കാണാതായ അതേ സ്ഥലത്ത് വച്ച് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിൻ്റെ സ്കൂബ ടീം അംഗങ്ങളാണ് മൃതദേഹം ചാലിയാറിൽ നിന്നും മുങ്ങിയെടുത്തത്.
കരയിൽ നിന്നും ഏകദേശം 20 മീറ്ററോളം ദൂരത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഈ ഭാഗത്ത് മൂന്ന് ആൾ ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നു. പുലര്ച്ചെ 12:30ഓടെയാണ് ബാസില് അപകടത്തില്പ്പെട്ടത്. സംഭവത്തിന് പിന്നാലെ തന്നെ തെരച്ചില് ആരംഭിച്ചിരുന്നുവെങ്കിലും രാവിലെ 10 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. മാവൂരിന് സമീപം മണന്തലക്കടവ് പൂളക്കോട് ഭാഗത്താണ് തോണി മറിഞ്ഞത്. ബാസിലും മറ്റ് രണ്ട് സുഹൃത്തുക്കളും മത്സ്യം പിടിക്കുന്നതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത്.
അപകടം സംഭവിച്ച ഉടൻ തന്നെ ബാസിലും സുഹൃത്തുക്കളായ നിഹാലും ഫവാസും കരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫവാസും നിഹാലും കരയ്ക്ക് എത്തി നോക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ബാസിലിനെ കാണാതായ വിവരം അറിയുന്നത്.
ഇരുവരും ബഹളം വച്ചതോടെ പരിസരത്തെ വീടുകളിൽ ഉണ്ടായിരുന്നവർ ഓടിയെത്തി. തുടർന്ന് ബാസിലിനെ രക്ഷിക്കുന്നതിന് വേണ്ടി തോണികൾ ഉപയോഗിച്ച് തെരച്ചിൽ നടത്തി. ഇതിനുപുറമെ മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു. ഉടൻ തന്നെ ഫയർ യൂണിറ്റും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ബാസിലിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നാലുമണിയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് ഇന്ന് രാവിലെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനത്ത മഴ പെയ്ത സാഹചര്യത്തിൽ ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കൂടാതെ ശക്തമായ കുത്തെഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടം സംഭവിച്ചതിന് ഏകദേശം അരക്കിലോമീറ്റർ താഴത്തുള്ള ഊർക്കടവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണമായും താഴ്ത്തിയിട്ടുണ്ട്.
കരയ്ക്ക് എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.മാവൂർ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR