Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ചേർന്ന് ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം സർവകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് ഒപ്പിട്ടു. ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറും സർവകലാശാല വൈസ് ചാൻസലർ വി പി ജഗതി രാജും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
കോഴ്സുകളുടെ ലക്ഷ്യവും ഘടനയും
കുട്ടികളുടെ അവകാശങ്ങൾ, ഭരണഘടനാപരമായ സംരക്ഷണം, ജുവനൈൽ ജസ്റ്റിസ് നിയമം, പോക്സോ നിയമം, ബാലവിവാഹ നിരോധനം, ബാലവേല നിരോധനം, വിദ്യാഭ്യാസാവകാശ നിയമം, കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗികവും അക്കാദമികവുമായ അറിവ് നൽകുകയാണ് കോഴ്സിൻ്റെ പ്രധാന ലക്ഷ്യം. സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് റൈറ്റ്സ് ആൻ്റ് അഡ്വക്കസി, ഡിപ്ലോമ ഇൻ ചൈൽഡ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ സ്റ്റഡീസ് എന്നിങ്ങനെ രണ്ട് കോഴ്സുകളാണ് ഒരുക്കിയിട്ടുള്ളത്.
സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ കാലാവധി ആറുമാസവും ഡിപ്ലോമ കോഴ്സിൻ്റേത് ഒരു വർഷവുമാണ്. എസ്എസ്എൽസിയാണ് സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ അടിസ്ഥാന യോഗ്യത. ഡിപ്ലോമ കോഴ്സിന് പ്ലസ്ടു യോഗ്യത വേണം. ക്രെഡിറ്റ് ബേസ് സിസ്റ്റത്തിൽ തയ്യാറാക്കിയിട്ടുള്ള ഈ കോഴ്സുകളുടെ പഠനസാമഗ്രികൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. വിദ്യാർഥികൾക്ക് പരീക്ഷ രണ്ട് ഭാഷയിലും എഴുതാൻ അവസരമുണ്ട്. സംസ്ഥാനത്തെ ഏക വിദൂര വിദ്യാഭ്യാസ സർവകലാശാലയായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വഴിയുള്ള ഈ കോഴ്സുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ആദ്യം
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ വ്യക്തമാക്കി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചൂഷണം, അവഗണന, സൈബർ ഭീഷണികൾ എന്നിവ വർധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സംരക്ഷണ നിയമങ്ങളെക്കുറിച്ചും പൊതുസമൂഹത്തിനും അധ്യാപകർക്കും വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും കൃത്യമായ അറിവ് ലഭ്യമാക്കാൻ കോഴ്സിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴ്സുകൾ ആരംഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി വൈസ് ചാൻസലർ വി പി ജഗതി രാജു അറിയിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് കോഴ്സ്. അധ്യാപകർ, അങ്കണവാടി ടീച്ചർമാർ, ബാല സംരക്ഷണ മേഖലയിലെ കർത്തവ്യവാഹകർ തുടങ്ങിയവർക്ക് ഏറെ ഗുണപ്രദമായ കോഴ്സാണിതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, കെ കെ ഷാജു, പി ഷാജേഷ് ഭാസ്കർ, രജിസ്ട്രാർ ടി പി കോമളവല്ലി, സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, പരീക്ഷാ കൺട്രോളർ ഡോ. എസ് അനന്തരശ്മി, ഫിനാൻസ് ഓഫിസർ എം എസ് ശരണ്യ, അക്കാദമിക് ഡയറക്ടർ സോഫിയ രാജൻ, മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR